Ernakulam

അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം രണ്ടുദിവസത്തേയ്ക്ക് അടച്ചു ; ഗതാഗത നിയന്ത്രണം

കുണ്ടന്നൂര്‍ -തേവര പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. രണ്ടുദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ എട്ടിന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. കുണ്ടന്നൂര്‍ – തേവര പാലത്തിലേക്ക് യാതൊരുവിധ വാഹനങ്ങളും കയറ്റിവിടുന്നതല്ല.

പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡില്‍ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി എന്‍എച്ച് 966 ബിയില്‍ പ്രവേശിച്ച് അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി തേവരഫെറി ജംഗ്ഷനിലെത്തി ഇടതുഭാഗത്തേക്ക് തിരിഞ്ഞ് പണ്ഡിറ്റ് കറുപ്പന്‍ റോഡ് വഴി എംജി റോഡിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃപ്പൂണിത്തുറ,കുണ്ടന്നൂര്‍ ഭാഗത്തുനിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡിലെത്തി എംജി റോഡ് വഴി സിറ്റിയിലേക്ക് പ്രവേശിക്കാവുന്നതാണ്.