സാമ്പത്തിക തട്ടിപ്പ് നടത്താൻ സൈബർ ആക്രമണകാരികൾ ഉപയോഗിക്കുന്ന സ്‌കിമ്മിംഗ് ഉപകരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാർഡ് ഡാറ്റ ചോർത്താനും, ഉപയോക്താക്കളുടെ സ്വകാര്യ പിൻ നമ്പറുകൾ റെക്കോർഡ് ചെയ്യാനും എ.ടി.എമ്മുകളിലും POS മെഷീനുകളിലും മറ്റ് കാർഡ് മെഷീനുകളിലും ആക്രമണകാരികൾ സ്‌കിമ്മിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യും. ഇത്തരം എ.ടി.എമ്മുകൾ എങ്ങനെ തിരിച്ചറിയാമെന്നും, സ്കിമ്മിംഗിന് ഇരയാകുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും ക്യുസിബി അധികൃതർ സോഷ്യൽ മീഡിയയിൽ ബോധവൽക്കരിച്ചു.
ബാങ്ക് ശാഖകൾക്കുള്ളിലെ എ.ടി.എം മെഷീനുകളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത കുറവായതിനാൽ അത്തരം എ.ടി.എമ്മുകൾ ഉപയോഗിക്കാനും അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു. കാർഡ് റീഡർ അയഞ്ഞതാണോ അതോ സ്ഥലത്തിന് പുറത്താണോ എന്ന് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് കാർഡ് റീഡർ മുകളിലേക്കും താഴേക്കും അല്ലെങ്കിൽ ഇരു വശങ്ങളിലേക്കും ചെറിയ രീതിയിൽ ഇളക്കാൻ ശ്രമിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ഉപയോക്താക്കൾ കാർഡ് സ്ലോട്ടിന് ചുറ്റുമുള്ള ചെറിയ അറ്റാച്ചുമെന്റുകൾ ശ്രദ്ധിക്കുകയും വേണം. എ.ടി.എം പിൻ നൽകുമ്പോൾ മറ്റൊരു കൈകൊണ്ട് കീപാഡ് ബ്ലോക്ക് ചെയ്യാനും QCB ഉപയോക്താക്കളോട് നിർദ്ദേശിച്ചു. കൂടാതെ, എടിഎം മെഷീനുകൾക്ക് ചുറ്റുമുള്ള വ്യക്തികളെ നിരീക്ഷിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. ഖത്തറിൽ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ +974 6681 5757 എന്ന പ്രാദേശിക ഹോട്ട്‌ലൈൻ നമ്പറോ, അല്ലെങ്കിൽ cccc@moi.gov.qa എന്ന ഇമെയിലോ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.