യു.എ.ഇയിലെ അജ്മാനിൽ ഈത്തപ്പഴ മേള ജൂലൈ 24 മുതൽ ആരംഭിക്കും. ജൂലൈ 28 വരെ അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന അജ്മാന് ഈത്തപ്പഴ മേളയില്‍ അറേബ്യന്‍ തേന്‍ സംരംഭങ്ങളുടെ ശേഖരവും പ്രദര്‍ശനവും ഉണ്ടായിരിക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ കാര്‍മികത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. അജ്മാന് ജറഫിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിലാണ് പ്രദര്‍ശനം നടക്കുക. അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തെ കര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് വർഷം തോറും മേള സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ നിരവധി വിത്യസ്തമാര്‍ന്ന സ്റ്റാളുകള്‍ ഒരുക്കും. രാജ്യത്തിന്റെ വിത്യസ്ത പ്രദേശങ്ങളില്‍ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത തരങ്ങളായ ഈത്തപ്പഴങ്ങളും മേളയില്‍ ലഭ്യമാകും. ഈത്തപ്പഴം കൂടാതെ രാജ്യത്ത് പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മാങ്ങ, നാരങ്ങ, ബദാം, പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മേളയിൽ ചിത്ര പ്രദര്‍ശനം, കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് നിരവധി കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും.
വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന മേള രാത്രി 11 മണി വരെ നീണ്ടു നില്ക്കും.15,000 ത്തോളം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിനോദ പരിപാടികളും മത്സരങ്ങളും നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മേളയില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം സൗജന്യമാണ്.