Travel

പേര് അന്വർഥമാക്കുന്ന ഒരു വെള്ളച്ചാട്ടം; കണ്ടിട്ടുണ്ടോ പാലൊഴുകും പാറ ? palozhukum-para-waterfalls-view-point

വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം ഏതാണെന്ന് അറിയാമോ ? അതിമനോഹരമായ ഒരു വെള്ളച്ചാട്ടം .. പാലൊഴുകും പാറയെന്നറിയപ്പെടുന്ന മനോഹരമായ വെള്ളച്ചാട്ടം നിങ്ങൾ ഒരിക്കലും കാണാതെ പോകരുത്. മഞ്ഞ് മൂടി കിടക്കുന്ന മലയിൽ നിന്നുള്ള വെള്ളച്ചാട്ടം നിങ്ങൾക്ക് വല്ലാത്തൊരു അനുഭൂതി ആയിരിക്കുമെന്ന കാര്യം തീർച്ച.

ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്ന വാഗമണ്ണിനോട് ചേർന്നാണ് പാലൊഴുകുംപാറ സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂരിഭാഗം പേർക്കും ഈ അത്ഭുതക്കാഴ്ച എവിടെയാണെന്നറിയില്ല. അതിനാൽ തന്നെ ഇങ്ങോട്ടുള്ള സഞ്ചാരികളുടെ എണ്ണവും കുറവാണ്. വാഗമൺ ടൗണിൽ നിന്ന് അരമണിക്കൂർ യാത്രയുണ്ട് പാലൊഴുകും പാറയിലേക്ക്. ഏകദേശം പത്ത് കിലോമീറ്റർ. വാഗമൺ ടൗണിൽ നിന്ന് സഞ്ചരിച്ച് പൈൻമരക്കാടിന് മുന്നിലൂടെയുള്ള വഴിയിലൂടെ കുറച്ച് മുന്നോട്ട് എത്തുമ്പോൾ വലതുവശത്തേക്കുള്ള ഒരു റോഡ് കാണാം. ഈ റോഡിലൂടെ പോയാൽ ഏലപ്പാറയിലെത്താം. പാലൊഴുകും പാറയുടെ ദിശാ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും മൂന്ന് കിലോമീറ്ററിലധികമുണ്ട് യാത്ര. തേയിലത്തോട്ടങ്ങളും കുന്നുകളുമുള്ള പ്രദേശത്തൂടെയാണ് യാത്ര ചെയ്യേണ്ടത്. ചിലയിടങ്ങളിൽ വഴി മോശമാണെന്നതൊഴിച്ചാൽ മറ്റ് തടസ്സങ്ങളില്ല. ഇടറോഡുകൾ നിരവധിയുള്ളതിനാൽ അന്വേഷിച്ച് മുന്നോട്ട് പോകുന്നത് വഴി തെറ്റാതിരിക്കാൻ സഹായിക്കും.

യാത്രയ്ക്കിടെ അകലെ നിന്നും വെള്ളച്ചാട്ടം കാണാം. രണ്ട് മലയിടുക്കുകളിൽ നിന്നെന്ന പോലെ പാൽ പോലെ വെള്ളം പതഞ്ഞ് കൂറ്റൻ മലയിൽ നിന്ന് താഴേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുക. അതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് പാലൊഴുകും പാറ എന്ന പേരു ലഭിച്ചത്. അകലെനിന്നുള്ള ദൃശ്യമായതിനാൽ മനോഹരമാണ് ഈ കാഴ്ച. സമീപത്തെ മലനിരകൾ പച്ചപ്പിൽ പുതഞ്ഞ നിലയിലാണ്. സമീപത്തായി കൂറ്റൻ പൈൻ മരങ്ങൾ തലയുയർത്തി കോടമഞ്ഞിൽ ലയിച്ച് നിൽക്കുന്ന ദൃശ്യം കാണാം.

പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളും ഇടതൂർന്ന സസ്യജാലങ്ങളും പാലൊഴുകുംപാറ വെള്ളച്ചാട്ടത്തെ പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു പറുദീസയാക്കുന്നു. വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ശക്തമാകുന്ന സാഹചര്യവും ചുഴിയുമുള്ളതിനാൽ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് പ്രവേശനമില്ല. റോഡിൽ നിന്ന് വേണം കാണാൻ. നിർദേശങ്ങൾ അവഗണിച്ച് ഇവിടെ ഇറങ്ങിയവർക്ക് ജീവൻ നഷ്ടമായ സംഭവങ്ങളും നിരവധിയാണ്. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനമില്ലാത്തതിനാൽ തന്നെ ഇവിടെ ടിക്കറ്റോ സുരക്ഷാ ജീവനക്കാരോ ഇല്ല. റോഡിൽ നിന്ന് താഴേക്ക് ഇറങ്ങാതിരിക്കാൻ വലിയ കമ്പിവേലികെട്ടി തിരിച്ചിട്ടുണ്ട്.

content highlight: palozhukum-para-waterfalls-view-point