സൗദി തലസ്ഥാന നഗരത്തിൽനിന്ന് ജിദ്ദയിലേക്കുള്ള ൈഹവേയിൽ ബദീഅക്ക് സമീപം വാദി ഹനീഫക്ക് മുകളിലുള്ള തൂക്ക് പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. ശനിയാഴ്ചയാണ് റിയാദ് മുനിസിപ്പാലിറ്റി അറ്റകുറ്റപ്പണികളും വിപുലീകരണ ജോലികളും ആരംഭിച്ചത്. ജോലി പത്തുദിവസം വരെ തുടരും.
ജിദ്ദ ഹൈവേയുമായി ചേരുന്ന ഭാഗം മുതൽ അബ്ദുല്ല ബിൻ ഹുദാഫ അൽസഹ്മി റോഡ് വരെ ഓരോ ദിശയിലും നാല് വരികൾ അടങ്ങുന്ന പാലത്തിന്റെ രണ്ട് ദിശകളിലേക്കുമുള്ള ജോയൻറുകളുടെ അറ്റകുറ്റപ്പണികളാണ് നടക്കുന്നതെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു. പാലത്തിന്റെ രണ്ട് ട്രാക്കുകൾ അടച്ച് മറ്റ് രണ്ട് ട്രാക്കുകളിലേക്ക് ഗതാഗതം തിരിച്ചുവിട്ട് പാലം ഭാഗികമായി അടക്കും. ഈ പ്രവൃത്തികൾ പൂർത്തീകരിച്ച് ജൂലൈ 30ന് റോഡ് വീണ്ടും തുറക്കും.
റോഡിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തലസ്ഥാനത്തെ റോഡ് ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ യും റിയാദ് ട്രാഫിക് വകുപ്പിന്റെയും സഹകരണത്തോടെയാണ് പണികൾ പുരോഗമിക്കുന്നത്.