Kerala

സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല; അർജുനായുള്ള തിരച്ചിൽ ഗംഗാവലി പുഴയിലേക്ക്

അങ്കോള: അങ്കോളയിലെ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് മാറ്റുമെന്ന് കർണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ല. പ്രദേശത്ത് 98 ശതമാനം മണ്ണും നീക്കം ചെയ്തു. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ കൂടുതൽ മണ്ണെടുക്കൽ നടക്കില്ല. തിരച്ചിൽ തുടരണോയെന്ന് സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും രക്ഷാദൗത്യം തുടരുകയാണ്. ആരെങ്കിലും പുഴയിലേക്ക് വീണിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് കരസേനയോടും നേവിയോടും ചോദിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.

അതേസമയം ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. മഴയെ തുടർന്ന് തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് തുടർന്നു.

തിരച്ചിൽ വൈകിപ്പിച്ചിട്ടില്ലെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, കോഴിക്കോട് എം.പി എം.കെ രാഘവൻ തുടങ്ങിയവരും സംഭവസ്ഥലത്ത് സന്ദർശിച്ചിരുന്നു.

എന്‍.ഡി.ആര്‍.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ചൊവ്വാഴ്ചയാണ് കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. കണ്ണാടിക്കൽ സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് മരവുമായി കേരളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.