കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്.
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.
പാണ്ടിക്കാട് പഞ്ചായത്തിൽ 18 പേരും ആനക്കരയിൽ 10 പേരും പനിയേ തുടർന്ന് ചികിത്സയിലുണ്ട്. എന്നാൽ ഇവരാരും മരിച്ച കുട്ടിയുമായി സമ്പർക്കം ഉള്ളവരല്ല. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ റൂട്ട് മാപ്പ് പ്രസിദ്ധികരിക്കും.
മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം വീടിനടുത്തുള്ള മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യമുണ്ടന്നും വിവരമുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണത്തിന് കൂടുതൽ പരിശോധനകൾ അനിവാര്യമാണ്. മരിച്ച കുട്ടിയുടെ ഫോട്ടോ, വീഡിയോ, പേര് എന്നിവ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
വിപുലമായ റൂട്ട് മാപ്പാണ് പുറത്ത് വിടുക. വീടുകൾ കയറി ഉള്ള സർവ്വേ തുടരുകയാണെന്നും പനി ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുമായും , ആശുപത്രി മാനേജ്മെൻ്റുകളുമായും , IMA നേതാക്കളുമായും ചർച്ച നടത്തിയതായും വീണാ ജോർജ് പറഞ്ഞു. പഴങ്ങളിൽ നിപ്പ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ള ഗവേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ആരോഗ്യ മന്ത്രാലയത്തിലെ സംഘം ഉടന്‍ കേരളത്തിലെത്തുമെന്നും കേന്ദ്രം വാര്‍ത്താ കുറിപ്പിലറിയിച്ചു. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്കും നിര്‍ദ്ദേശം നല്കി. രോഗിയുടെ 12 ദിവസത്തെ സമ്പർക്കം കണ്ടെത്തി അവരെ അടിയന്തിരമായി ക്വാറന്റീലാക്കണം, സാമ്പിൾ പരിശോധിക്കണം തുടങ്ങിയ നിർദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകി. മോണോക്ലോണൽ ആൻ്റിബോഡി സംസ്ഥാനത്തിൻ്റെ അഭ്യർത്ഥന പ്രകാരം നേരത്തെ അയച്ചെന്നും എന്നാൽ രോഗിയുടെ അനാരോഗ്യം മൂലം നല്‍കാനായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.