പക്ഷി വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും സാധാരണയായി പറക്കാൻ കഴിയാത്ത ജീവികളാണ് താറാവുകളും കോഴികളും. എന്നാൽ ഇവയിൽ പറക്കാൻ കഴിവുള്ളവരും ഉണ്ടെന്നാണ് കണ്ടെത്തൽ. ചെറിയ രീതിയിൽ പറക്കുന്ന ഇനം താറാവുകളുണ്ട്. ഫ്ലയിങ് ഡക്ക് (മസ്കോവി) എന്നറിയപ്പെടുന്ന ഭംഗിയുള്ള മണിത്താറാവുകളാണവ. 10 അടി വരെ ഉയരത്തിൽ 300 മീറ്റർ ദൂരം വരെ ഇവയ്ക്കു പറക്കാനാകും. ദക്ഷിണ അമേരിക്കൻ സ്വദേശികളായ ഇവയെ അലങ്കാരത്തിനായും ഇറച്ചിക്കായും വളർത്തുന്നവരുണ്ട്. മനുഷ്യരുമായി ഇണങ്ങുന്ന ഇവ വീടിനു നല്ല കാവൽക്കാർ കൂടിയാണ്. വീട്ടിലേക്കും പറമ്പിലേക്കും പുറത്തു നിന്നുള്ള പൂച്ച, നായ തുടങ്ങിയവയെ കടത്തിവിടില്ല, കൊത്തി ഓടിക്കും.
എലി, പാമ്പ് തുടങ്ങിയവയെയും കൊത്തിത്തിന്നും. സാധാരണ താറാവുകളെ പോലെ ഇവ ‘ക്വാക്… ക്വാക്’ എന്ന ശബ്ദമല്ല പുറപ്പെടുവിക്കുക. വിസിൽ മുഴക്കുന്ന പോലുള്ള ശബ്ദമാണ്. താറാവുകൾ സാധാരണ അടയിരിക്കാൻ മടിയുള്ളവയാണ്. എന്നാൽ, മസ്കോവികൾ പക്ഷികളെ പോലെ സ്വന്തമായി കൂടൊരുക്കി അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കും. വെളുപ്പ്, കറുപ്പ്, ഇവ രണ്ടും ചേർന്നത്, ബ്രൗൺ, ഗ്രേ, ചോക്ലേറ്റ്, ലാവെൻഡർ നിറങ്ങളിലുണ്ട്. ഒരാഴ്ച പ്രായമായ കുഞ്ഞുങ്ങൾക്കു ജോടിക്ക് 1,000 രൂപ മുതലാണു വില. ഏറ്റവും ഭംഗി കൂടിയതു ബാർബറി ഇനത്തിൽപെട്ടവയാണ്. ഇതിന്റെ ലാവെൻഡർ നിറമുള്ളതിനു ജോടിക്കു 10,000 രൂപ വരെ വിലയുണ്ട്. വലുപ്പമുള്ളവയും മുഖത്തു തടിച്ച കുരുക്കളുള്ളവയും പൂവനാണ്. 6 മുതൽ 7 കിലോഗ്രാം വരെ ഭാരം വയ്ക്കും.
ഒരാഴ്ച വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കു തിനയോ ഗോതമ്പോ പൊടിച്ചതു നൽകാം. ഒരു മാസമാകുമ്പോൾ പ്രായപൂർത്തിയാകും. സ്വന്തമായി തീറ്റ തേടി കഴിച്ചോളും. വീട്ടിലെ അടുക്കളമാലിന്യം കഴിക്കും. എന്തു നൽകിയാലും ഇവ കഴിക്കുമെന്നതാണു പ്രത്യേകത. കൊതുകിനെയും എലികളെയും വരെ സ്വന്തമായി പിടിച്ചു ഭക്ഷിക്കും. മീൻ, പച്ചക്കറി, പഴങ്ങൾ എന്നിവയും നൽകാം. ചെറിയ കക്കകൾ പൊടിച്ചു നൽകുന്നതു പോഷകാഹാരമാണ്. അടയിരിക്കുന്ന സമയത്തു മുട്ടത്തോട് പൊടിച്ചു നൽകാം. വർഷത്തിൽ 80 മുതൽ 100 മുട്ടകൾ വരെ ഇടും. താറാവിന്റെ മുട്ട വിരിയാൻ 28 ദിവസമാണെങ്കിൽ ഇവയുടേതു വിരിയാൻ 35 ദിവസമെടുക്കും. കൂട് ഉണ്ടെങ്കിലും മുട്ടയിടുന്ന സമയത്ത് ഇവ കൂട്ടിനകത്തു പാഴ്‌ചെടികളും മറ്റും കൊണ്ടു പ്രത്യേക കൂട് ഒരുക്കും. കൂടില്ലെങ്കിൽ പോലും അടയിരിക്കുന്ന സമയത്ത് അവ സ്വന്തമായി ഒരുക്കും. അവിടെയാണ് അടയിരിക്കുക. കുഞ്ഞുങ്ങളെ നന്നായി നോക്കുന്ന കൂട്ടത്തിലാണ്. സാധാരണ താറാവുകൾക്കു നീന്താൻ കൂടുതൽ വെള്ളം ആവശ്യമാണ്. ഇവയ്ക്കു കുറച്ചു മതി. ചെറിയ പടുതക്കുളം ഒരുക്കിയാൽ മതി.