തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന് ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) ആണ് മരിച്ചത്. നന്തന്‍കോടുളള ഹെല്‍മറ്റ് വേല്‍ഡ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അപകടത്തിനിടയാക്കിയ ആംബുലന്‍സിനെയും ഡ്രൈവറെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
വെമ്പായം കിടങ്ങയത്തുവെച്ചാണ് സംഭവം. വെമ്പായം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു. ഇതേസമയത്ത് അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അത്യാസന്ന നിലയിലുളള രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് റോഡില്‍ വീണുകിടന്നിരുന്ന അനനന്തുവിന്റെ ശരീരത്തീലുടെ കയറിയിറങ്ങുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് നിര്‍ത്തിയിട്ടു. നാട്ടുകാരെത്തി ഫോര്‍ട്ട് പോലീസില്‍ വിവരമറിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലതെത്തി. അപകടത്തിനിടയാക്കിയ ആംബുലന്‍സില്‍ അത്യാസന്ന നിലയിലുളള രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സില്‍ അനന്തുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയെന്ന് ഫോര്‍ട്ട് എസ്.എച്ച്. ഒ. വി.ആര്.ശിവകുമാര്‍ പറഞ്ഞു.