പൂനെ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാവും എൻസിപി (എസ്പി) തലവനുമായ ശരദ് പവാര്‍ അഴിമതിയുടെ നേതാവാണെന്നു ഷാ വിമര്‍ശിച്ചു. പ്രതിപക്ഷ സഖ്യത്തെ ‘ഔറംഗസേബ് ഫാന്‍സ് ക്ലബ്’ എന്ന് വിളിച്ച് അമിത് ഷാ, ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ് ഇതിന്റെ നേതാവെന്നും പറഞ്ഞു. പുണെയിലെ പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
‘രാജ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഈ ഔറംഗസേബ് ഫാന്‍സ് ക്ലബിന് സാധിക്കില്ല. ആരാണ് ഔറംഗസേബ് ഫാന്‍സ് ക്ലബ്? മഹാവികാസ് അഘാഡിയാണത്. ഉദ്ധവ് താക്കറെയാണ് ഔറംഗസേബ് ഫാന്‍സ് ക്ലബിന്റെ നേതാവ്. കസബിന് ബിരിയാണി കൊടുത്തവര്ക്കൊപ്പമാണ് നിങ്ങള്‍ ഇരിക്കുന്നതെന്ന് ബാലാസാഹേബിന്റ അനുയായി എന്ന് അവകാശപ്പെടുന്ന ഉദ്ധവ് താക്കറെ ഓര്‍ക്കണം’, എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണയ്ക്കുന്നവരുടെ മടിയിലാണ് ഉദ്ധവ് ഇരിക്കുന്നത്. യാക്കൂബ് മേമ്മനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടവര്ക്കൊപ്പമാണ് നിങ്ങള്‍. സാക്കിര്‍ നായിക്കിനെ സമാധാനത്തിന്റെ സന്ദേശവാഹകന് എന്ന് വിശേഷിപ്പിച്ചവരുടെ മടിയിലാണ് നിങ്ങളിരിക്കുന്നതെന്നും ഉദ്ധവിനോട് അമിത് ഷാ പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അംഗീകാരം നൽകി. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചാൽ രാഹുൽ ഗാന്ധിയുടെ ധാർഷ്ട്യം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014-ലും 2019-ലും ബിജെപി കാഴ്ച വെച്ചതിനേക്കാൾ മികച്ച പ്രകടനം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മാഹാരാഷ്ട്ര. ലോക്സഭാ തിരഞ്ഞെടുപ്പിനിടെയും അമിത് ഷാ ഉദ്ധവിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. 2019-ല്‍ ലോക്സഭയിലേക്ക് 23 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ ഒന്‍പതു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. വന്‍പരാജയം ഏറ്റുവാങ്ങിയ ശേഷം ആദ്യമായാണ് അമിത് ഷാ മഹാരാഷ്ട്രയില്‍ എത്തുന്നത്.