തിരുവനന്തപുരം: സംസ്ഥാനത്ത് കടലാസ് മുദ്രപ്പത്രങ്ങൾ പൂർണമായും ഒഴിവാക്കുന്നു. ആധാരങ്ങളുടെ റജിസ്ട്രേഷൻ ടെംപ്ലേറ്റ് സംവിധാനത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം വൈകാതെയുണ്ടാകുമെന്നാണു വിവരം.
ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളെല്ലാം നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ കൃത്യതയോടെ ചേർത്തു നൽകുന്നതാണ് ടെംപ്ലേറ്റിന്റെ രീതി. ആധാരം ചെയ്യുന്ന കക്ഷിയുടെ പേര്, വസ്തുവിന്റെ വിശദാംശങ്ങൾ, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ, വസ്തുവിന്റെ മുൻചരിത്രം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാവും. ഇതല്ലാതെ അധിക വിവരങ്ങളുണ്ടെങ്കിൽ അതു രേഖപ്പെടുത്താൻ പ്രത്യേക സ്ഥലവുമുണ്ടാവും. ഇഷ്ട ദാനം, ഭാഗപത്രം ഉൾപ്പെടെയുള്ളവ ഈ ഭാഗത്ത് രേഖപ്പെടുത്താം.
ഇതെല്ലാം ചേർത്ത് ഓൺലൈൻ മുഖേന സബ് റജിസ്ട്രാർക്ക് സമർപ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒടുക്കിയാൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവും. ആധാരമെഴുത്തുകാർ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക.