തിരുവനന്തപുരം: കുത്തിവെപ്പിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി ആശുപത്രിയുടെ മുന്നിലാണ് ബന്ധുക്കളുടേയും പൊതുപ്രവർത്തകരുടേയും പ്രതിഷേധം. പ്രതിഷേധം തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ഉയർത്തുന്ന ആരോപണം. പ്രതിഷേധക്കാർ നെയ്യാറ്റിൻകര റോഡ് ഉപരോധിക്കുകയാണ്. നിലവിൽ ആശുപത്രിയുടെ മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) ഇന്ന് രാവിലെ മരിച്ചത്.
ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. പല രേഖകളും വ്യാജമായി ഉണ്ടാക്കിയതാണെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആരോപണം. ഒന്നരയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ കൃഷ്ണയുടെ ഇ.സി.ജി മൂന്നരയ്ക്ക് നെയ്യാറ്റിൻകരയിൽ എടുത്തു എന്ന് വ്യാജരേഖ സൃഷ്ടിച്ചത് തെറ്റുകാരെ രക്ഷിക്കാനാണെന്നും കുടുംബം ആരോപിച്ചിരുന്നു.
യുവതി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. സംഭവത്തിൽ തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. കൃഷ്ണയുടെ ഭർത്താവ് ശരത് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തിയിരുന്നു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ വിശദീകരണം. ഉദര സംബന്ധമായ അസുഖങ്ങൾക്ക് സാധാരണഗതിയിൽ നൽകുന്ന പാന്റോപ്രസോള്‍ എന്ന മരുന്ന് മാത്രമാണ് രോഗിക്ക് നൽകിയിട്ടുള്ളത്. ഏതൊരു മരുന്നിനും സംഭവിക്കാവുന്ന ദ്രുതഗതിയിൽ ഉണ്ടാകുന്ന മാരകമായ അലർജി പ്രക്രിയ അഥവാ അനാഫൈലാക്സിസ് ആകാം രോഗിക്ക് സംഭവിച്ചിട്ടുള്ളതെന്നാണ് കെജിഎംഒയുടെ വിശദീകരണം. വാക്സിനുകൾ, മരുന്നുകൾ എന്ന് മാത്രമല്ല ചില ഭക്ഷണങ്ങളോടു പോലും അലർജി കാരണമുള്ള അടിയന്തര പ്രതികരണമായി ഇങ്ങനെ സംഭവിക്കാം. ഇതിനെ ചികിത്സാ പിഴവായി വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്നാണ് കെജിഎംഒയുടെ വിശദീകരണം.
കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് മലയിൻകീഴ് സ്വദേശിനിയായ കൃഷ്ണ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയത്. ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഈ മാസം 15നാണ് കൃഷ്ണ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിക്ക് അലർജി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. ഇൻജക്ഷൻ എടുക്കും മുൻപ് അതിനുള്ള പരിശോധന നടത്തിയിരുന്നോ എന്ന് വ്യക്തമല്ല.