Sports

ഒളിംപിക്സ് താരങ്ങൾക്ക് പിന്തുണ; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് എട്ടരക്കോടി രൂപ സംഭാവന നൽകി ബി.സി.സി.ഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഒളിംപിക്സ് താരങ്ങൾക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് എട്ടരക്കോടി രൂപ സംഭാവന നല്‍കുമെന്ന് ബി.സി.സി.ഐ. സാമൂഹികമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരീസ് ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെയാണ് ബി.സി.സി.ഐയുടെ ഈ വമ്പന്‍ പ്രഖ്യാപനം.

”2024 പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന അത്‌ലറ്റുകളെ ബി.സി.സി.ഐ. പിന്തുണയ്ക്കുന്നു. കാമ്പയിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഞങ്ങള്‍ എട്ടരക്കോടി രൂപ നല്‍കുന്നു. എല്ലാ മത്സാരാര്‍ഥികള്‍ക്കും ആശംസകള്‍. ഇന്ത്യയെ അഭിമാനത്തിലെത്തിക്കൂ”- ജയ് ഷാ വ്യക്തമാക്കി.

117 പേരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പാരീസില്‍ മത്സരിക്കുക. ട്രാക്കിലും ഫീല്‍ഡിലുമായി 70 പുരുഷന്മാരും 47 വനിതകളുമാണ് മത്സരരംഗത്തുള്ളത്. 67 കോച്ചുമാരും 72 സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും ഇവര്‍ക്കൊപ്പം അനുഗമിക്കും. ജൂലായ് 26-ന് വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ഒളിംപിക്‌സിന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് ഉദ്ഘാടന പരിപാടികള്‍.