ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ചില തീരുമാനങ്ങള്‍ എടുക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് കുറച്ചു ദിവസങ്ങള്‍കൊണ്ട് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, എന്തു തീരുമാനമെടുത്താലും എങ്ങനെയൊക്കെ ഉറച്ചു നിന്നാലും KSRTC ജീവനക്കാരെ വഴിയില്‍ കെട്ടിയ ചെണ്ട പോലെത്തന്നെ നിരന്തരം കൊട്ടുമെന്ന് തെളിയിച്ചിരിക്കുകയാണ് കുറച്ച് അക്രമികളും പോലീസും ചേര്‍ന്ന്. എറണാകുളത്തുവെച്ച് ഒരു KSRTC ഡ്രൈവറെ ഇന്നോവ കാറുകാരന്‍ മര്‍ദ്ദിച്ചപ്പോള്‍ അതിനെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രി ഗണേഷ് കുമാര്‍ ‘വഴിയില്‍ കെട്ടിയ ചെണ്ടയല്ല ജീവനക്കാര്‍’ എന്ന പദപ്രയോഗം നടത്തിയത്.
പക്ഷെ, ജീവനക്കാരുടെ രക്ഷകനാകണ്ടെന്നും, രണ്ടര വര്‍ഷംമാത്രം ഇരുന്നു ഭരിച്ചിട്ട് സ്ഥലം വിട്ടോണമെന്നും വ്യംഗ്യാര്‍ത്ഥത്തില്‍ മനസ്സിലാക്കിച്ചു കൊണ്ടാണ് ഇന്നലെ വെഞ്ഞാറമൂട്ടില്‍ KSRTC ഡ്രൈവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഇത് പരാതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ വെഞ്ഞാറമൂട് പോലീസില്‍ എത്തിയപ്പോള്‍ അവിടെയും ജീവനക്കാരെ ‘വഴിയില്‍ കെട്ടിയ ചെണ്ടയാക്കി’ എന്ന പാരാതിയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള നല്ലപോലീസുകാരോടും എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ, വെഞ്ഞാറമൂട് പോലീസ്‌റ്റേഷന്‍ ഇന്നലെ ഒരു KSRTC വനിതാ ഉദ്യോഗസ്ഥയോട് കാട്ടിയ അനീതിക്ക് എന്തു മറുപടിയാണ് പറയാനുള്ളത്. പരാതിയുമായിച്ചെന്ന KSRTC ജീവനക്കാരിയെ സ്‌റ്റേഷനില്‍ പിടിച്ചിരുത്തിയത് പാതിരാത്രി വരെ.
ഈ വിഷയത്തില്‍ KSRTCയിലെ പാവം വഴിയില്‍ കെട്ടിയ ചെണ്ടകളെ സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മന്ത്രി നേരിട്ട് ഇടപെടണം. എന്നിട്ട്, കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസിനെയല്ല, വനിതാ ഉദ്യോഗസ്ഥയെ പാതിരാത്രിവരെ സ്റ്റേഷനില്‍ ഇരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാനാണ് ഇടപെടേണ്ടത്. ഒരു മണിക്കൂറില്‍ താഴെ മാത്രം വേണ്ടിവരുന്ന ഒരു നടപടി ക്രമമാണ് മൊഴിയെടുക്കലും, കേസ് ചാര്‍ജ്ജ് ചെയ്യലും. എന്നാല്‍, അതുണ്ടാകാതെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമായിരുന്നു സ്റ്റേഷിലും പരിസരത്തും നടന്നത്. മന്ത്രിയുടെ വാക്കിനോ, KSRTC ജീവനക്കാര്‍ക്കോ തെരുവുപട്ടിയുടെ വിലപോലും കല്‍പ്പിച്ചിട്ടില്ലാത്ത ഇത്തരം നടപടികള്‍ക്കെതിരേയാണ് ഗണേഷ്‌കുമാര്‍ വാളോങ്ങേണ്ടത്.
വെഞ്ഞാറമൂട്ടില്‍ ഉണ്ടായ സംഭവം എന്ത് ?
അടൂര്‍ ഡിപ്പോയിലെ RPC 210 സൂപ്പര്‍ ഫാസ്റ്റ്പാസഞ്ചര്‍ തിരുവനന്തപുരം അടൂര്‍ സര്‍വീസിന്റെ അവസാന ട്രിപ്പ് വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നും യാത്രക്കാരെയും കയറ്റി എം.സി റോഡിലേക്കിറങ്ങുമ്പോള്‍ ഏകദേശം വൈകിട്ട് ആറ് മണിയോടു കൂടി KL-25 N 6622 -ാം നമ്പര്‍ ഹുണ്ടായി കാറിന് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് കാറിലുണ്ടായിരുന്ന ഒരാള്‍ ബസിന്റെ ഡോര്‍ ഗ്ലാസ് പൊട്ടിച്ച് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ട്രാഫിക്കില്‍ ഉണ്ടായിരുന്ന പോലീസ് പ്രതിയെ പിടികൂടുകയും ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയതിനാല്‍ കന്യാകുളങ്ങര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോവുകയും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും PDP ആക്ട് ഇട്ട് കേസ് എടുക്കണമെന്ന് ഡ്യൂട്ടി SM സ്റ്റേഷനില്‍ എത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടു. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പക്ഷെ, അവിടെയുണ്ടായ മാനുഷികമായ ചില മൂല്യച്യുതികള്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല.
വനിത കണ്ടക്ടര്‍ ദിവ്യ പറയുന്നത് ?
എന്താണ് നടന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ല. പക്ഷെ, ഡ്രൈവറിനോട് കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ പറഞ്ഞ് ഒരാള്‍ സൈഡ് ഗ്ലാസ്സില്‍ ആഞ്ഞ് അടിക്കുന്നതു കണ്ടു. അയാളുടെ രണ്ടാമത്തെ അടിയില്‍ ഗ്ലാസ് തകര്‍ന്നു. അതിലൂടെ ഡ്രൈവറെ മര്‍ദ്ദിക്കുന്നതു കണ്ടാണ്, ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കെ താന്‍ മുമ്പിലേക്ക് ചെല്ലുന്നത്. അപ്പോഴേക്കും പുറത്തു നിന്നും അയാള്‍ െൈഡ്രവരുഠെ മുതുകിലും, തോളിലും, കൈയ്യിലും ഇടിക്കുന്നുണ്ടായിരുന്നു. എന്നിട്ടും, ഡ്രൈവര്‍ സീറ്റുവിട്ട് എണീറ്റില്ല. എണീറ്റു മാറാന്‍ ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. അവരുടെ കാറിന് സൈഡ് കൊടുത്തില്ല എന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് ബസ് സൈഡിലേക്കൊതുക്കി. ഞാന്‍ പുറത്തിറങ്ങി കാറിന്റെ നമ്പര്‍ ഫോട്ടോ എടുത്തു. പുറത്തു നിന്നവരുടെ വീഡിയോയും എടുത്തു. രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നു.
അതിലൊരു പുരുഷന്‍ മദ്യപിച്ചിരുന്നു. ഗ്ലാസ് പൊട്ടിച്ച ആലുടെ കൈ മുറിഞ്ഞിട്ടുണ്ട്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ട്രാഫിക് പോലീസും അവിടുണ്ടായിരുന്നു. അദ്ദേഹമാണ് പ്രതിയെ പിടിച്ചത്. അപ്പോള്‍ സമയം വൈകിട്ട് 7 മണിയാകും. ഇതിനിടയില്‍ ഡ്രൈവറെ കന്യാകുളങ്ങരയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കൈക്ക് പരിക്കേറ്റതിനാല്‍ വണ്ടി ഓടിുക്കാനാവില്ലെന്നു പറഞ്ഞതോടെയാണ് ആസുപത്രിയിലേക്കു കൊണ്ടുപോയത്. ചെറുവിരലിന് നല്ല വേദനയുണ്ടെന്ന് പറഞ്ഞതോടെ വിദഗ്ദ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജിലോ, വലിയ ആശുപത്രിയിലേക്കോ പോകണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അപ്പോഴേക്കും വെഞ്ഞാറമൂട് പോലീസില്‍ വിവരം ധരിപ്പിച്ചു. സ്റ്റേഷില്‍ നിന്നും വനിതാ പോലീസ് വിളിച്ച് അങ്ങോട്ടേക്ക് ചെല്ലാനും പറഞ്ഞു. ഞാനും ഡ്രൈവറും പോലീസ്‌റ്റേഷനില്‍ എത്തുമ്പോള്‍ പ്രതികളും അവിടെ എത്തിയിരുന്നു. അപ്പോള്‍ സമയം രാത്രി 8 മണിയാകും. സി.ഐ വന്നിട്ടില്ലെന്നും, ജി.ഡി ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയാണെന്നും പറഞ്ഞ് ജനമൈത്രി പോലീസിന്റെ വിശ്രമമുറിയില്‍ തങ്ങളെ ഇരുത്തി. ഇതിനിടയില്‍ പ്രതികളുടെ വക്കീല്‍ വന്ന് കോംപ്രമൈസ് ചെയ്യാമെന്നും എന്തു വേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞു.
എന്നാല്‍, കേസുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് തീര്‍ത്തു പറഞ്ഞതോടെ വക്കീല്‍ തന്റെ ഉദ്യമം ഉപേക്ഷിച്ചു. തുടര്‍ന്ന് പ്രതികളോടൊപ്പം ഉണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ വന്ന് തെറ്റു പറ്റിയെന്നും, ക്ഷമിക്കണമെന്നും സഹായിക്കണമെന്നും പറഞ്ഞു. പക്ഷെ, കേസെടുത്ത് മുന്നോട്ടു പോകാനേ വഴിയുള്ളൂവെന്നാണ് അപ്പോഴും ഞങ്ങള്‍ പറഞ്ഞത്. ഏകദേശം ഒരു മണിക്കൂറിനു ശേഷം ജി.ഡി ഭക്,ണം കഴിച്ച് തിരിച്ചെത്തി. തുടര്‍ന്ന് എന്റെ പേര്, അച്ഛന്റെ പേര്, അഡ്രസ്സ് എന്നിവ എഴുതി വാങ്ങിയിട്ട് നിങ്ങള്‍ക്കു പോകാം എന്നു പറഞ്ഞു(ഇതാണോ മൊഴിയെടുക്കല്‍ എന്ന് ചിന്തിച്ചു പോയി). പക്ഷെ, സഹപ്രവര്‍ത്തകനെ അവിടെ നിര്‍ത്തിയിട്ടു പോകാന്‍ മനസ്സു വന്നില്ല. അപ്പോഴേക്കും സമയം 10 മണിയായി. ഉന്നത ഉദ്യോഗസ്ഥരെത്തി നമ്മളോടു സംസാരിച്ചു. അതാണ് വല്ലാതെ വിഷമിപ്പിച്ചത്. കേസും വഴക്കുമായി പോയാല്‍ ഒരിടത്തും എത്തില്ലെന്നാണ് അവര്‍ പറഞ്ഞത്. പുതിയ നിയമപ്രകാരം ബലാത്സംഘമോ, കൊലപാതകമോ ഉണ്ടായാലേ പോലീസിന് കേസെടുക്കാന്‍ വകുപ്പുള്ളൂ എന്നാണ് പറഞ്ഞത്.
പോലീസിന് പഴയതു പോലുള്ള പവറൊന്നുമില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കിയാല്‍ പിഴയും അടച്ച് അയാള്‍ പോവുകയും ചെയ്യും. അതുകൊണ്ട് കേസുമായി മുന്നോട്ടു പോയാല്‍ ഒന്നും സംഭവിക്കില്ലെന്നും അവര്‍ പറഞ്ഞു. സമയം രാത്രി 12.30 ആകുമ്പോള്‍ ഡ്രൈവറുടെയും മൊിയെടുത്തു കഴിഞ്ഞാണ് പോകാന്‍ അനുവദിച്ചത്. വെഞ്ഞാറമൂട്ടില്‍ നിന്നും അടൂരെത്തുമ്പോള്‍ സമയം 1.30 മണി. അവിടുന്ന് 15 കിലോമീറ്റര്‍ കൂടിയുണ്ട് വീട്ടിലെത്താന്‍. അങ്ങനെ വീടെത്തുമ്പോള്‍ 2.50 ആയി. ഇവിടെ സര്‍ക്കാര്‍ ജീവനക്കാരായ ഒരു വിനതാ ഉദ്യോഗസ്ഥയോട് പോലീസുകാര്‍ കാണിച്ച സഹായം എന്താണെന്ന പൊതു ബോധമാണ് മനസ്സിലാകുന്നത്.
KSRTCയിലും പുഴുക്കുത്തുകള്‍ ?
ഇതിനിടയില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പതിനായിരം രൂപവെച്ച് വാങ്ങികൊടുത്ത് കോംപ്രമൈസ് നടത്താനും നീക്കം നടന്നു. ഈ നീക്കത്തിനു പിന്നില്‍ KSRTCയിലെ തന്നെ ഒരു ജീവനക്കാരനായിരുന്നു. എം.പാനല്‍ ജീവനക്കാരനായ ഇദ്ദേഹം വനിത കണ്ടക്ടറെ രണ്ടുതവണ സമീപിച്ചു. അവരുമായി സംസാരിച്ച് കാശുവാങ്ങിത്തരാമെന്നും പ്രശ്‌നം തീര്‍ക്കണമെന്നുമായിരുന്നു ആവശ്യം. മൂന്നാമത്തെ തവണ അയാള്‍ വന്നപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ അയാളെ വിരട്ടി ഓടിക്കുകയായിരുന്നു.
സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കു പറയാനുള്ളത് ?
പ്രശ്‌നം കോംപ്രമൈസ് ചെയ്യാന്‍ നിരവധിപേര്‍ തന്നെ സമീപിച്ചിട്ടുണ്ടായിരുന്നു. പോലീസുകാര്‍ പ്രതികളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. പത്തു മണിക്ക് പോലീസ്‌റ്റേഷനിലെത്തുമ്പോള്‍ ആരുമില്ല. രാത്രി പന്ത്രണ്ടു മണിവരെയും പോലീസ്‌റ്റേഷനില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആരുമുണ്ടായില്ല. വനിതാ പോലീസാണ് മൊഴിയെടുത്തത് പോലും. പിന്നീട്, ഡ്രൈവറെ വിളിച്ച് ഡാമേജ് കോസ്റ്റ് എത്രയാകുമെന്ന് പോലീസ് ഫോണില്‍ വിളിച്ചു ചോദിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ ഡ്രൈവര്‍ എന്നെ വിളിച്ചു. ഞാന്‍ പറഖഞ്ഞു, രാത്രിയാണ്, ബന്ധപ്പെട്ടവര്‍ ഉണ്ടെങ്കിലേ അതിന്റെ കണക്കുകള്‍ പറയാനാകൂ എന്ന് പോലീസിനോടു പറഞ്ഞു. എന്നാല്‍, കേസെടുക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ വേണം അതിനാണ് ഏകദേശ കണക്കെങ്കിലും പറയൂ എന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ജനറല്‍ സി.ഐയെ വിളിച്ചു. അദ്ദേഹം പറഞ്ഞു ചാര്‍ജ്മാനെ വിളിക്കാന്‍. അങ്ങനെ ചാര്‍ജ്ജ്മാനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്, പൊട്ടിയ ഗ്ലാസ്സിന് 2500 രൂപയാണ്. മുടങ്ങിയ ട്രിപ്പില്‍ നിന്നും 5000 രൂപ ലഭിക്കുമായിരുന്നുവെന്ന് കണ്ടക്ടര്‍ പറഞ്ഞു. അടൂര്‍ ഡിപ്പോയില്‍ വിളിച്ചപ്പോള്‍ ഈ ബസ് ഇന്ന് ഓടിക്കാനാവില്ല, ട്രിപ്പ് മുടങ്ങുന്നതു വഴി ശരാശരി 23,000 (ഡെയ്‌ലി കളക്ഷന്‍) രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് അറിഞ്ഞത്. ഇത് സ്റ്റേഷനില്‍ വിളിച്ച് പറയുകയും ചെയ്തു. എന്നിട്ടും, കേസെടുക്കാനും, വനിതാ കണ്ടക്ടറെ വീട്ടില്‍ വിടാനും എടുത്ത സമയം ആണ് ഭപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു.
മന്ത്രി ഗണേഷ് കുമാര്‍ അറിയേണ്ടത് ?
ഈ സംഭവത്തില്‍ നിന്നും മന്ത്രി മനസ്സിലാക്കാനുള്ള ഒരു കാര്യമുണ്ട്. എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഉന്നതരുടെ പിടിപാടുള്ള അക്രമികള്‍ KSRTC ജീവനക്കാരെ ‘പഞ്ഞിക്കിട്ടു’ കൊണ്ടേയിരിക്കും. എന്നിട്ട്, എം.പി, എം.എല്‍.എം, മന്ത്രി തുടങ്ങിയവരുടെ ഇടപെടലുകളില്‍ രക്ഷപ്പെടുകയും ചെയ്യും. പാവം KSRTCയിലെ വഴിയില്‍ കെട്ടിയ ചെണ്ടകള്‍ തല്ലുകൊണ്ടുകൊണ്ടേയിരിക്കും. യദുവും ഇതുപോലെ ഒരു ഇരയാണ്. ഈ കേസില്‍പ്പോലും ഒന്നും സംഭവിക്കാതെ പോയത് KSRTC ജീവനക്കാരുടെ ആത്മ ധൈര്യം ചോര്‍ത്തിക്കളഞ്ഞിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. തീരുമാനങ്ങള്‍ എടുക്കാനുള്ളതു മാത്രമല്ല, അത് ധൈര്യമായി നടപ്പാക്കാനുള്ളതാണ്. മന്ത്രി ചെയ്യേണ്ടത്, KSRTC ജീവനക്കാര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യാമണെന്നതാണ്. അതുണ്ടായില്ലെങ്കില്‍ ശമ്പളവും കിട്ടാതെ ജോലിചെയ്യുന്ന ജീവനക്കാര്‍ വഴിില്‍ കെട്ടിയ ചെണ്ടതന്നെയാകും തീര്‍ച്ച.
CONTENT HIGHLIGHTS;KSRTC employees will be further harassed: Ganesh Kumar should not be their savior; Is there an answer to this arrogance? (Exclusive)