Palakkad

എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി ജീവനൊടുക്കിയ നിലയിൽ

പാലക്കാട് : എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി വീടിനുള്ളിൽ മരിച്ച നിലയിൽ. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

അതേസമയം, കൊച്ചിയിൽ ഭാര്യ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ടയുടന്‍ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ രാത്രി പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇമ്മാനുവേൽ തൂങ്ങിമരിക്കുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്.