കിടപ്പാടങ്ങൾ ജപ്തി ചെയ്യരുതെന്നും, ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതി തള്ളണമെന്നും, ബാങ്കുകൾക്കു നല്കപെട്ടിട്ടുള്ള സർഫാസി പോലെയുള്ള ജനവിരുദ്ധ അമിതാധികാര നിയമങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ ആറ്റിങ്ങൽ മുനിസിപ്പൽ ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന ജനറൽ കൺവീനർ സി. V.C. ജെന്നി ഉദ്ഘാടനം ചെയ്തു.
ജപ്തി തടയാൻ എന്ന പേരിൽ സർക്കാർ കൊണ്ടുവന്നിട്ടുള്ള “നികുതി വസൂലാക്കൽ” നിയമം യഥാർത്ഥത്തിൽ ജപ്തി ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്നും കടക്കെണിയിലായ നിസ്വരായ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കെതിരെ കണ്ണടക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. P.J. മാനുവൽ ചൂണ്ടിക്കാട്ടി. കിടപ്പാടങ്ങൾ ജപ്തിചെയ്യില്ലെന്ന് ഉറപ്പു നൽകുന്ന, ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുന്ന നിയമം കൊണ്ടുവരുന്നതിന് പകരം കിടപ്പാടങ്ങൾ ഒരു രൂപയ്ക്ക് വാങ്ങി അഞ്ചുവർഷം സർക്കാർ കൈവശം വെച്ച ശേഷം കിടപ്പാടം ലേലം ചെയ്തു കുടിശ്ശിക ഈടാക്കുകയാണ് പുതിയ നിയമമെന്നും അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വഞ്ചനപരമായ നീക്കമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
കടക്കെണിയിൽ വീണു ജപ്തി നേരിടുന്ന നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്ത കൺവെൻഷൻ ജപ്തി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാൻ സ. സേതു സമരം ചെയർമാനും, സി. ശ്യാമ സുരേഷ് കൺവീനറായും 23 അംഗ ജില്ലാ കമ്മിറ്റിക്കു
രൂപംകൊടുത്തു. ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും, കിടപ്പാടങ്ങൾ ജപ്തി ചെയ്യരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 15-)ം തീയതിക്കു ശേഷം തിരുവനന്തപുരം പട്ടികജാതി/പട്ടികവർഗ്ഗ ജില്ലാ വികസന ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
വീട്ടമ്മമാരെ കടക്കെണിയിൽ കുടുക്കി കൊള്ള പലിശ ഈടാക്കി ജീവിതം വഴിമുട്ടിക്കുന്ന മൈക്രോ ഫൈനാൻസ് സ്ഥാപനങ്ങൾക്കു മുന്നിലും പ്രത്യക്ഷ സമരം നടത്തും. അവരുടെ ഗുണ്ടാ പിരിവ് അവസാനിപ്പിക്കുവാനും നിയന്ത്രണങ്ങൾ കൊണ്ടുവരാനും സർക്കാരിനോട് ആവശ്യപ്പെടും. മഹീന്ദ്ര, ബജാജ് മുത്തൂറ്റ് തുടങ്ങിയ ബാങ്കിതര സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ജനങ്ങളെ കടത്തിൽ കുടുക്കി പിഴിഞ്ഞൂറ്റുകയാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ A.T. ബൈജു, ടോണി റാഫേൽ, പ്രീതാ ഷാജി, ബാബു ഇരുമ്പനം, ഷൈനി. N, സുധാ വക്കം എന്നിവർ പങ്കെടുത്തു.
CONTENT HIGHLIGHTS;Bedstead confiscation will not be allowed : Anti-Sarfasi popular movement