24 മണിക്കൂറിനിടെ മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഏറെ നേരം ലോക്കല്‍ ട്രെയിനുകള്‍ തടസ്സപ്പെട്ടു. താമസമേഖലകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനം ദുരിതത്തിലായി. രാവിലെ ആറിനും ഏഴിനും ഇടയിലുള്ള ഒരുമണിക്കൂറില്‍ ചില പ്രദേശങ്ങളില്‍ 34 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ശക്തമായ മഴയും ഉയര്‍ന്നവേലിയേറ്റവും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ മൂന്ന് എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മാന്‍ഖുര്‍ദിലെ ട്രോംബെയിലെ എഡബ്ല്യുഎസ് സ്‌റ്റേഷനിലാണ് ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്. 241 മില്ലിലിറ്റര്‍ മഴയാണ് പെയ്തത്. നൂതന്‍ വിദ്യാമന്ദിറില്‍ 224 മില്ലിലിറ്ററും, വഡാലയിലെ നദ് കര്‍ണി പാര്‍ക്കില്‍ 223 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ലോക്കല്‍ ട്രെയിനുകള്‍ സാധാരണനിലയില്‍ ഓടിയിരുന്നെങ്കിലും ചിലയിടങ്ങളില്‍ മഴ കനത്തതോടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കല്യാണ്‍, താര്‍ക്കുളി സ്റ്റേഷനുകളിലാണ് സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടത്. ഒരു മണിക്കൂറിന് പിന്നാലെ ഗതാഗതം പുനഃസ്ഥാപിച്ചതായും യാത്രക്കാര്‍ പറഞ്ഞു.
മുംബൈ നഗരത്തില്‍ പല ഭാഗങ്ങളിലും വെള്ളം കയറിയതിനാല്‍ ഏതാനും ബസുകള്‍ വഴിതിരിച്ചുവിട്ടു. അന്ധേരി, ഖാര്‍, ട്രോംബെയിലെ മഹാരാഷ്ട്ര നഗര്‍ എന്നിവിടങ്ങളിലെ സബ്വേകള്‍ അടയ്‌ക്കേണ്ടിവന്നു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചുവിട്ടു. വഡാലയിലും മാട്ടുംഗയിലും ദാദറിലുമുണ്ടായ വെള്ളക്കെട്ടില്‍ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിരവധി നദികള്‍ കരകവിഞ്ഞൊഴുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.