കഴിഞ്ഞ ദിവസം ഇസ്രയേല്‍ യമനില്‍ നടത്തിയ ആക്രമണത്തിനെതിരേ ശക്തമായി തിരിച്ചടിക്കാന്‍ ഹൂതികള്‍ ഒരുങ്ങുന്നു. ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന് യെമനിലെ ഹൂതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ദീര്‍ഘകാല യുദ്ധത്തിന് സജ്ജമാണെന്നും ഹുദൈദ ആക്രമണത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ശനിയാഴ്ച ഇസ്രായല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി.
എണ്ണ സംഭരണ കേന്ദ്രങ്ങളെയും പവര്‍ സ്റ്റേഷനെയും ലക്ഷ്യമിട്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസത്തെ ഇസ്രയേലിന്റെ ആക്രമണം. വ്യോമാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗത്തിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തീവ്രമായ ബോംബാക്രമണത്തിനിടെ നഗരത്തിലുടനീളം സ്‌ഫോടന ശബ്ദം കേട്ടതായി ഹൊദൈദ നിവാസികള്‍ മാധ്യമങ്ങളോടു പറഞ്ഞു. തുറമുഖത്തെ എണ്ണ ടാങ്കുകളിലെ തീ അണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സേനയും അഗ്‌നിശമന സേനാംഗങ്ങളും ശ്രമിക്കുന്നതായി അല്‍-മസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാനില്‍ നിന്നുള്ള ആയുധങ്ങള്‍ സ്വീകരിക്കാന്‍ ഹൂതികള്‍ തുറമുഖം ഉപയോഗിച്ചിരുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.
എഫ് 15 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഹൂതികള്‍ നിരന്തരം തുടരുന്ന പ്രകോപനങ്ങള്‍ക്ക് മറുപടിയാണ് ആക്രമണമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഹൂതികള്‍ 200-ലധികം തവണയാണ് ഇസ്രായേലില്‍ ആക്രമണം നടത്തിയതെന്നും രാജ്യത്തിന് ഭീഷണിയാകുന്ന ആക്രമണങ്ങളെ സൈന്യം തടയുമെന്നും പ്രതിരോധവലയം തീര്‍ക്കുമെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ വാഷിംഗ്ടണിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി ഇസ്രായേലി ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ടെല്‍ അവീവില്‍ ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രത്യാക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്തത്. തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
അതേസമയം, ഇസ്രായേല്‍, യെമന്‍ സംഘര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. അതിനിടെ, വെടിനിര്‍ത്തല്‍ ചര്‍ച്ചയുമായി മുന്നോട്ടു പോകാന്‍ ഇസ്രായേല്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സംഘത്തെ ദോഹയിലേക്ക് അയക്കാന്‍ ധാരണയായി. എന്നാല്‍, ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനിക ശേഷി ദുര്‍ബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേല്‍ ആലോചിക്കുന്നുണ്ട്.
എന്നാല്‍, കടുത്ത നിലപാടില്‍ നിന്ന് പിന്‍വാങ്ങിയ നെതന്യാഹുവിന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നന്ദി പറഞ്ഞതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രധാന ചര്‍ച്ചകള്‍ക്കായി നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെടുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കാതെ യു.എസിലേക്ക് തിരിക്കുന്ന നെതന്യാഹുവിനെതിരെ ടെല്‍ അവീവ് വിമാനത്താവളത്തിനു മുന്നില്‍ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. നിലവില്‍ ഗസ്സയില്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ബുറൈജ് അഭയാര്‍ഥി ക്യാമ്പിലടക്കം സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളില്‍ 64 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ലബനാന്‍ സൈനികര്‍ക്കും പരിക്കേറ്റു.
CONTENT HIGHLIGHTS;No more direct war with Israel: the Houthis