നെയ്യറ്റാന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് മരണപ്പെട്ട കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൃഷ്ണ തങ്കപ്പന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തിന്റെ പരാതികളും പരിഭവങ്ങളും കേട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചികിത്സാപ്പിഴവ് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ആരോഗ്യവകുപ്പ് അതേക്കുറിച്ച് അന്വേഷിച്ചില്ല.
ഇന്നലെ മരണം ഉണ്ടായതിന് ശേഷം നെയ്യാറ്റിന്‍കര ആശുപത്രിയിലെ രേഖകള്‍ വരെ തിരുത്തി. 15-ാം തീയതി 2:41 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അന്ന് 3:41 നും 3:39 നും ഇ.സി.ജി എടുത്തെന്ന വ്യാജരേഖയാണ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി ഉണ്ടാക്കിയിരിക്കുന്നത്. ആരെ രക്ഷിക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത്? കുറിപ്പടിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്നുകള്‍ നല്‍കിയിട്ടില്ലെന്നതിനും വ്യാജ രേഖയുണ്ടാക്കി. ചികിത്സാ പിഴവും കുറ്റകരമായ അനാസ്ഥയും ഉള്ളതുകൊണ്ടാണ് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തത്. ഇന്നലെ നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ ഇന്ന് നടപടിയെടുക്കുമെന്നാണ് പറഞ്ഞിരുന്നത്.
കുഞ്ഞിനെ ഉറക്കിക്കിടത്തി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ കയറി ആശുപത്രിയിലെത്തി രണ്ട് നിലയുടെ മുകളിലേക്ക് നടന്നു കയറിയ ആളിനാണ് മരുന്ന് കുത്തിവച്ചത്. ഏത് മരുന്നാണ് നല്‍കിയതെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചോദിച്ചിട്ടു പോലും പറഞ്ഞില്ല. തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അഞ്ച് സെന്റില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ പ്രതിപക്ഷം ഒപ്പമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തതും രോഗി ലിഫ്റ്റില്‍ കുടുങ്ങിയതും ഉള്‍പ്പെടെ നിരവധി സംഭവങ്ങളാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുണ്ടായത്. എല്ലാത്തിനും മന്ത്രി അന്വേഷണത്തിന് ഉത്തരവിടുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരം അനാസ്ഥകളുണ്ടാകുന്നത്.
CONTENT HIGHLIGHTS;Action should be taken against the culprits: Government should compensate the family of Krishna Thangappan