Oman

ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം | /oman-ministry-of-labor-against-hiring-unlicensed-workers-

ലൈസൻസില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ഇത്തരം ആളുകളെ ജോലിക്ക് വെക്കുന്നത് പിഴയും തടവ് ശിക്ഷ ലഭിക്കാനും കാരണമാകും. അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ഊർജിതമായാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നടന്ന് കൊണ്ടിരിക്കുന്നത്.

ലൈസൻസില്ലാത്ത തൊഴിലാളികൾ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങി അനധികൃത ആളുകളെ ജോലിക്കുവെക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 143 അനുസരിച്ച്, 10 ദിവസത്തിൽ കുറയാത്തതും ഒരു മാസത്തിൽ കൂടാത്തതുമായ തടവും 1,000 റിയാൽ കുറയാത്തതും 2,000 റിയാൽ കൂടാത്തതുമായ പിഴയും ആയിരിക്കും ശിക്ഷ. അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് കോർപ്പറേഷന്റെ ഇൻസ്‌പെക്ഷൻ യൂണിറ്റിന്റെ പിന്തുണയോടെയാണ് പരിശോധന കാമ്പയിനുകൾ നടത്തുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ 9,042പേരാണ് അറസ്റ്റിലായത്. 7,612 പേരെ നാടുകടത്തുകയും ചെയ്തു. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവർണറേറ്റുകളിലും മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.