തിരുവനന്തപുരം: മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരിൽ 9 പേരുടെ ഫലം വന്നു. എല്ലാവരും നിപ നെഗറ്റീവാണ്.
മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. നിപബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മൊബൈൽ ലാബിലെ പരിശോധന നാളെ മുതൽ ആരംഭിക്കും. കേരളത്തിൽ എല്ലാ രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും മറ്റ് പലയിടങ്ങളിലും അങ്ങനെയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
ഇവിടെ ഓരോ കേസും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിയമസഭയിൽ പറഞ്ഞ കണക്കുകൾ കൃത്യമാണ്. ഡാറ്റ വെച്ചാണ് കാര്യങ്ങൾ പറഞ്ഞതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.108 ആംബുലൻസുകളുടെ സമരത്തിൽ പ്രതികരിച്ച മന്ത്രി കേന്ദ്രം പണം നൽകാതിരുന്നതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒരു രൂപ പോലും നൽകിയില്ല. ഈ സർക്കാർ വന്നിട്ടാണ് ഒരു ഗഡു ലഭിച്ചതെന്നും അവര്‍ പറഞ്ഞു.