ന്യൂഡല്‍ഹി: ബിഹാറിന് പ്രത്യേക പദവി നല്‍കാനായി പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജെ.ഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ശക്തമായ തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം. എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവലെ സഞ്ജയ് കുമാർ ഝായും ലോക് ജൻ ശക്തി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആർ.ജെ.ഡിയും പിന്തുണയുമായി പിന്നണിയിലുണ്ടായിരുന്നു. ഇൻഡ്യ സഖ്യവും പിന്തുണച്ചു.
മുന്‍പ് ചില പ്രത്യേകഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് ദേശീയ വികസന കൗണ്‍സില്‍ പ്രത്യേക പദവി അനുവദിച്ചിരുന്നു. എന്നാല്‍ ബിഹാറിനുള്ള പ്രത്യേക പദവി സംബന്ധിച്ച ആവശ്യം നിലവിലുള്ള ഘടകങ്ങളെ അടിസ്താനമാക്കിയല്ല ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
ബിഹാറിന് പ്രത്യേക പദവി നല്‍കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന് സംസ്ഥാനത്ത് നിന്നുള്ള ജെഡിയു എംപി രാംപ്രിത് മണ്ഡല്‍ ധനകാര്യമന്ത്രാലയത്തോട് ചോദിച്ചിരുന്നു. ഇതിന് പ്രതികരണമായി രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്.
”പണ്ട് ദേശീയ വികസന കൗൺസിൽ ചില സംസ്ഥാനങ്ങൾക്ക് പദ്ധതികൾ എളുപ്പത്തിൽ ലഭിക്കാൻ പ്രത്യേക പദവി നൽകിയിരുന്നു. ആ വിഭാഗത്തിൽ ഉൾപ്പെടാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സവിശേഷതകൾ വേണം. ആ സംസ്ഥാനം മലയോരവും ദുഷ്‍കരവുമായ ഭൂപ്രദേശമായിരിക്കണം. ജനസാന്ദ്രത കുറവായിരിക്കണം. അതല്ലെങ്കിൽ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം. അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാകണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം. ഈ പട്ടിക പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നൽകേണ്ട എന്ന് തീരുമാനിച്ചത്”, കേന്ദ്രമന്ത്രി വിശദീകരിച്ചു.
ബിഹാറിന് പ്രത്യേക പദവി വേണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുകയാണ് നിതീഷ് കുമാർ. ഞായറാഴ്ച പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന വിവിധ പാർട്ടികളുടെ യോഗത്തിലും ജെ.ഡി.യു ഈ ആവശ്യം ആവർത്തിച്ചിരുന്നു. ബിഹാർ, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വേണമെന്ന് ജെ.ഡി.യു, വൈ.എസ്.ആർ.സി.പി, ബി.ജെ.ഡി പാർട്ടികളും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ രാഷ്ട്രീയ ജനതാദൾ പാർട്ടി(ആർ.ജെ.ഡി) ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു. നിതീഷ് കുമാറിനും ജെഡിയുവിനും ഇപ്പോൾ കേന്ദ്രത്തിൽ സുഖമായി അധികാരം ആസ്വദിക്കാം. ‘പ്രത്യേക സംസ്ഥാന പദവി’യുടെ പേരിൽ കപട രാഷ്ട്രീയം തുടരാനും കഴിയും. ആർ.ജെ.ഡി എക്സിൽ കുറിച്ചു.