ബംഗളൂരു: ജനതാദൾ (സെക്യുലർ) എംഎൽസിയും എച്ച് ഡി രേവണ്ണയുടെ മകനുമായ സൂരജ് രേവണ്ണയ്ക്ക് ലൈംഗികാതിക്രമക്കേസിൽ ജാമ്യം അനുവദിച്ച് പ്രത്യേക കോടതി. പാർട്ടി പ്രവർത്തകനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയിലാണ് സൂരജ് രേവണ്ണ അറസ്റ്റിലായത്. അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റാണ് തിങ്കളാഴ്ച സൂരജിന് ജാമ്യം അനുവദിച്ചത്.
പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സൂരജിന് നിർദേശമുണ്ട്. അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.
പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകൻ നൽകിയ പരാതിയിൽ കഴിഞ്ഞ മാസം 23നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്.
തനിക്കും തന്‍റെ കുടുംബത്തിനുമെതിരേയുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് സൂരജ് ആരോപിച്ചിരുന്നു.