ഇന്ത്യൻ ഇതിഹാസ ഷൂട്ടർ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ അവാർഡ്. ഇന്ത്യൻ കായിക യുവജനകാര്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
“ഒളിമ്പിക് പ്രസ്ഥാനത്തിലെ മികച്ച സംഭാവനകൾക്ക് ഒളിമ്പിക് ഓർഡർ ലഭിച്ചതിന് അഭിനവ് ബിന്ദ്രയ്ക്ക് അഭിനന്ദനങ്ങൾ! അദ്ദേഹത്തിൻ്റെ നേട്ടം നമ്മിൽ അഭിമാനം നിറയ്ക്കുന്നു, ശരിക്കും അർഹതയുണ്ട്. അദ്ദേഹത്തിൻ്റെ പേര് മാത്രമാണ് ഷൂട്ടർമാരുടെയും ഒളിമ്പ്യൻമാരുടെയും തലമുറകളെ പ്രചോദിപ്പിച്ചത്,” മാണ്ഡവ്യ കുറിച്ചു.
ഐഒസി ഒരു വ്യക്തിക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഒളിമ്പിക് ഓർഡർ അവാർഡ്. ഓഗസ്റ്റ് 10 ന് പാരീസിൽ നടക്കുന്ന 142-ാമത് ഐഒസി സെഷനിൽ അവാർഡ് ദാന ചടങ്ങ് നടക്കും.
2008ലെ ബീജിങ് ഒളിംപിക്സിൽ ഷൂട്ടിങ് ഇനത്തിലെ സ്വർണ മെഡിൽ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡൽ നേട്ടത്തിന് ഉടമ കൂടിയാണ് ബിന്ദ്ര.