India

ഐ.എൻ.എസ് ബ്രഹ്മപുത്രയ്ക്ക് തീപ്പിടിച്ചു; നാവികനെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് നാവികസേന

മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ബ്രഹ്‌മപുത്രയ്ക്ക് തീപ്പിടിച്ചു. മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം. ഒരു ജൂനിയര്‍ സെയിലറെ കാണാതായെന്നും അദ്ദേഹത്തിനായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് തീപ്പിടിത്തമുണ്ടായത്‌. തീ ഇന്ന് രാവിലെയോടെ നിയന്ത്രണ വിധേയമാക്കി. കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞുവെന്നും നാവികസേന അറിയിച്ചു.

സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തീയണച്ച ശേഷം ഇന്ന് ഉച്ചയോടെയാണ് കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞത്. പരമാവധി ശ്രമിച്ചിട്ടും നാവികസേനയ്ക്ക് കപ്പലിനെ പൂര്‍വ സ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചെങ്കിലും കാണാതായ ജൂനിയര്‍ സെയിലര്‍ക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി.