കൊച്ചി: ചിറ്റൂർ ഫെറിയിൽ അച്ഛനേയും മകനേയും വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ബൈക്ക് യാത്രക്കാരുടേയും കാർ യാത്രക്കാരുടേയും പരാതിയിൽ ചേരാനെല്ലൂർ പൊലീസാണ് കേസെടുത്തത്. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി.
ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് നടുറോഡിൽ അച്ഛനെയും മകനെയും കാറിൽ വലിച്ചിഴക്കുന്നതിന് കാരണമായത്. സംഭവത്തിൽ ആക്രമിക്കപ്പെട്ട അക്ഷയും പിതാവും പോലീസിൽ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ആക്രമണത്തിന് പിന്നാലെ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് പരാതി സ്വീകരിക്കുകയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ മാധ്യമ വാർത്തകൾക്ക് പിന്നാലെ എം.എൽ.എ. ടി.ജെ. വിനോദ് അടക്കം ഇടപെട്ടതോടെയാണ് ചേരാനല്ലൂർ പോലീസ് കേസെടുത്തത്.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചുനിൽക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ അക്ഷയുടെയും അച്ഛൻ്റെയും കൈ ഡ്രൈവറുടെ ദേഹത്ത് നിന്ന് വിടുവിക്കാൻ ശ്രമിക്കുന്നതും കാണാനാവുന്നുണ്ട്. എന്നാൽ ഇരുവരെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോയതോടെ ഒരു യുവതി ഇവര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തിൽ കാണാം.