Health

കറ്റാര്‍വാഴയും ആരോഗ്യ സംരക്ഷണവും; അറിയാം 10 ഗുണങ്ങള്‍-Alovera health and beauty tips

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. അതില്‍ സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതല്‍ക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാര്‍വാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങള്‍, മുഖ സൗന്ദര്യം കൂട്ടാനുള്ള ടോണര്‍, സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെല്‍ ഇന്ന് ഉപയോഗിച്ചു വരുന്നു.

വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കറ്റാര്‍വാഴ. മറ്റൊന്ന്, കറ്റാര്‍വാഴയില്‍ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. കറ്റാര്‍ വാഴ ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ പ്രയോജനം ചെയ്യുന്നു. കറ്റാര്‍വാഴ ജെല്‍ മുഖത്തും ശരീരത്തിലും പതിവായി പുരട്ടിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1.സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുന്നു

അലോവേരയില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്‌സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്.

2. നിറം വര്‍ദ്ധിപ്പിക്കുന്നു

നിറം വര്‍ദ്ധിപ്പിയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. കറ്റാര്‍വാഴയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാമാണ് ഇതിന് സഹായിക്കുന്നത്. കറ്റാര്‍വാഴ ജെല്‍ കൊണ്ട് മസാജ് ചെയ്യുമ്പോള്‍ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ക്രമേണ മുഖത്തിന്റെ നിറം വര്‍ദ്ധിക്കുകയും ചെയ്യും. ബ്ലാക് ഹെഡ്സ്, പിഗ്മെന്റേഷന്‍, നിറവ്യത്യാസം എന്നിവ മാറാനായി രാത്രി കറ്റാര്‍വാഴ ജെല്‍ മുഖത്തുപുരട്ടി കിടക്കാം. രാവിലെ കഴുകി കളഞ്ഞാല്‍ മതി.

3. ചെറിയ പൊളളലുകളില്‍ നിന്നും സുഖം പ്രാപിക്കാന്‍ സഹായിക്കുന്നു

ശരീരത്തിലേല്‍ക്കുന്ന ചെറിയ പൊള്ളലുകള്‍ ഒക്കെ പെട്ടെന്ന് സുഖം പ്രാപിക്കാന്‍, പൊള്ളലേറ്റ ഭാഗത്ത് ദിവസം മൂന്നുതവണ എന്ന രീതിയില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടിയാല്‍ മതി. ചെറിയ മുറിവുകള്‍ക്ക് ഓയിന്റ്‌മെന്റ് പുരട്ടുന്നുന്നതിനു പകരം കറ്റാര്‍വാഴ ജെല്‍ പരീക്ഷിക്കാം. മുറിവുകള്‍ വേഗത്തില്‍ ഉണക്കാനും കൊളാജന്‍ വര്‍ദ്ധിപ്പിക്കാനും ബാക്ടീരിയയെ ചെറുക്കാനും കറ്റാര്‍വാഴ ജെല്ലിനു കഴിവുണ്ട്.

4. മേക്കപ്പ് റിമൂവര്‍

മേക്കപ്പ് റിമൂവര്‍ ആയും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാവുന്നത്. ഒരു പഞ്ഞിയില്‍ അല്‍പ്പം ജെല്‍ എടുത്ത് മുഖത്ത് പതിയെ മസാജ് ചെയ്യാം, മേക്കപ്പ് പൂര്‍ണമായും ചര്‍മ സുഷിരങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

5. മൃതകോശങ്ങളെ നീക്കം ചെയ്യുന്നു

മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്ക് ഉണ്ട്. കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ബി, സി, കോളിന്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

6. കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാം

കണ്‍തടങ്ങളിലെ കറുപ്പാണ് പലരും നേരിടുന്ന പ്രശ്‌നം. കണ്‍തടത്തിലെ രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. കറ്റാര്‍ വാഴ ജെല്ലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും വൈറ്റമിനുകളും ഈ പ്രശ്‌നം പരിഹരിക്കാന്‍ അത്യുത്തമമാണ്. കറ്റാര്‍ വാഴ ജെല്‍ അല്‍പ്പമെടുത്ത് കണ്‍തടങ്ങളില്‍ നിത്യേന മസാജ് ചെയ്യുന്നത് കണ്ണിനു താഴത്തെ കറുപ്പ് കുറക്കാന്‍ സഹായിക്കും.

7. സൂര്യതാപത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു

വേനല്‍ക്കാലത്ത് വെയിലേറ്റുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. സൂര്യതാപം, തിണര്‍പ്പ്, എക്സിമ (വരട്ടുചൊറി) എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാര്‍വാഴ. ഇത് ശരീരത്തിലെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാനും സഹായിക്കും. സ്ഥിരമായി കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മത്തെ സൂര്യന്റെ കടുത്തരശ്മികളില്‍ നിന്നും സംരക്ഷിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ കൂടാതെ ത്വക്കിനെ മൃദുവാക്കുന്ന സാലിസിലിക് ഗുണങ്ങള്‍ കൂടി അടങ്ങിയതാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ ജെല്‍ പതിവായി മുഖത്തു പുരട്ടിയാല്‍ മുഖത്തെ പാടുകളും മുഖക്കുരവും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.

8. ഉപ്പൂറ്റി വിണ്ട് കീറല്‍ തടയാം

കാലിന്റെ ഉപ്പൂറ്റി വിണ്ട് കീറുന്ന പ്രശ്‌നമുള്ളവര്‍ക്കും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം. വാക്‌സിംഗിനും ഷേവിംഗിനുമൊക്കെ ശേഷം ചര്‍മ്മത്തിലുണ്ടാവുന്ന ചുവന്ന പാടുകളും തടിപ്പും തിണര്‍പ്പും മാറാന്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടാം. ആഫ്റ്റര്‍ ഷേവ് ക്രീമുകള്‍ക്ക് പ്രകൃതിദത്തമായ ബദലാണ് കറ്റാര്‍വാഴ ജെല്‍.

9. ആന്റി ഏജിംഗ് ക്രീം

നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും. ഒപ്പം ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ മുഖത്തെ ചുളിവുകള്‍ മാറാനും നല്ലതാണ്.

10. കഴുത്തിലെ കറുപ്പ് അകറ്റാം

രണ്ട് ടീസ്പണ്‍ കറ്റാര്‍വാഴ ജെലും അല്‍പം വെള്ളരിക്ക നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് മുഖത്തെയും കഴുത്തിലെയും കറുപ്പകറ്റാന്‍ സഹായിക്കും.

[ കറ്റാര്‍ വാഴ ജെല്‍ പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക. മുറിവുകളിലും മറ്റും പുരട്ടുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടുക]