തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജിന് 10 ലക്ഷം രൂപയുടെ സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഏറെ നാളായി കോളേജിന്റെ ആവശ്യമായിരുന്ന സോളാർ എനർജി പ്ലാന്റ് എന്ന ആഗ്രഹം ഇതോടെ യാഥാർത്ഥ്യമാക്കി. 15 കെ.വി പ്ലാൻറ് കോളേജിൽ സ്ഥാപിച്ചു. പ്ലാൻറിൻറെ ഉദ്ഘാനം എം.എ യൂസഫലി നിർവ്വഹിച്ചു.
സംസ്കൃത ശ്ലോകം ചൊല്ലിയും ഗീതയുടെ സാരാംശം ചൂണ്ടികാട്ടിയും ആലക്സാണ്ടർ ചക്രവർത്തിയുടെ കഥ പറഞ്ഞും വിദ്യാർത്ഥികളുമായി എം.എ യൂസഫലി നടത്തിയ ചർച്ച ഏറെ ആകർഷകമായിരുന്നു.
വിദ്യാർത്ഥികളുടെ നിരവധി ചോദ്യങ്ങൾക്ക് യൂസഫലി പ്രത്യേകം മറുപടി നൽകി. യുവതലമുറയുടെ ബിസിനസ് ആശയങ്ങളും,കേരളത്തിലെ ഐടി മേഖലയിലെ നവീനസാധ്യതകളും വരെ ചർച്ചയായി. ആർട്ടിഫിഷൽ ഇൻറലിജൻസിൻറെ പ്രധാന്യം വിദ്യാർത്ഥികളോട് എം.എ യൂസഫലി പങ്കുവച്ചു. കാലത്തിനൊപ്പം അപ്ഡേറ്റാവുക എന്നത് പ്രധാനമാണ്, പ്രത്യേകിച്ച് എഐ സജീവമാകുന്ന സാഹചര്യത്തിൽ. പുതിയ സാധ്യതകളാണ് ആർട്ടിഫിഷൽ ഇൻറലിജൻസ് തുറക്കുന്നത്, യുവതലലുറയ്ക്ക് പുതിയഅവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ലുലുവിൻറെ ട്വിൻ ടവറുകൾ ഏറ്റവും മികച്ച സൗകര്യങ്ങളിലാണ് പൂർത്തിയായിരിക്കുന്നത്, മികച്ച അന്താരാഷ്ട്ര കമ്പനികൾ കേരളത്തിലേക്കെത്താൻ ഇത് വഴിതുറക്കുകയാണ്. ഏറെ വെല്ലുവിളി നിറഞ്ഞതായിട്ടും കേരളത്തിൽ ഷോപ്പിങ് മാൾ തുടങ്ങാനുള്ള തീരുമാനത്തിന് പിന്നിൽ എന്തായിരുന്നെന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിയുടെ ചോദ്യം. പലരും എതിരഭിപ്രായം പറഞ്ഞെങ്കിലും സ്വന്തം നാടിൻറെ മുന്നോട്ടുള്ള കുതിപ്പിന് അങ്ങനെയൊരു തീരുമാനം ആവശ്യമായിരുന്നു, ഇടപ്പള്ളിയിലെ മാളിന് ചുറ്റും നഗരം കൂടുതൽ വളർന്നു, തൻറെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു,എം.എ യൂസഫലി കൂട്ടിചേർത്തു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുട്ടികൾക്ക് സ്വന്തംനാട്ടിൽ മികച്ച അവസരങ്ങൾ നാട്ടിൽ ഒരുങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ദീർഘനാളായുള്ള ആവശ്യമാണ് ശ്രീകൃഷ്ണ കോളേജിൽ യാഥാർത്ഥ്യമായത്. എം.എ യൂസഫലിയുടെ സഹായം കോളേജിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത്പകരുന്നതാണെന്നും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാളുകളായുള്ള ആവശ്യമാണ് സഫലമായതെന്നും ഏറെ നന്ദിയുണ്ടെന്നും പ്രിൻസിപ്പൽ ഡോ. പി.എസ് വിജോയ് പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കേരളത്തിലെ ഏറ്റവും പഴക്കമേറിയ കോളേജുകളിലൊന്ന് കൂടിയാണ് ശ്രീകൃഷ്ണ കോളേജ്. നാക്ക് അംഗീകാരവും എ ഗ്രേഡ് റാങ്കുമുണ്ട് കോളേജിന്. കോളേജിന്റെ ആധുനികവത്കരണത്തിന് ഏറെ കൈത്താങ്ങുന്നത് കൂടിയാണ് ഈ ചുവടുവയ്പ്പ്.
കോളേജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ജനുവരിയിലാണ് പ്ലാന്റ് നിർമ്മിക്കാനുള്ള സഹായം എം.എ യൂസഫലി നൽകിയത്. ഗുരുവായൂർ ദേവസ്വം ബോർഡ് മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. വി.കെ വിജയൻ, അംഗങ്ങളായ വി.ജി . രവീന്ദ്രൻ , കെ. പി വിശ്വനാഥൻ ,
ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ പി.എസ് വിജോയ് , ഐക്യുഎസി കോർഡിനേറ്റർ ഡോ.ശ്രീജ വി.എൻ, NAAC കോർഡിനേറ്റർ ഡോ. രാജേഷ് മാധവൻ, കോളേജ് യൂണിയൻ ചെയർമാൻ ഇജാസ് ഐ.എ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.