Food

ഇഡ്‌ലിക്കും ദോശയ്ക്കുമൊപ്പം ഇനി തയ്യാറാക്കി നോക്കൂ നല്ല ചുട്ടരച്ച വറ്റല്‍മുളക് ചമ്മന്തി-Kerala Style Chuttaracha vattal mulaku chammanthi recipe

ചൂടുള്ള ദോശ/ഇഡ്ലി എന്നിവയ്ക്കൊപ്പം വിളമ്പുന്ന മികച്ച കോമ്പോയാണ് ചട്ണി അല്ലെങ്കില്‍ ചമ്മന്തി. സെറ്റ് ദോശയുടെ തരം കട്ടിയുള്ള ദോശകള്‍ അല്ലെങ്കില്‍ ഇഡ്ലികള്‍ എന്നിവയ്ക്കൊപ്പമാണ് ഈ ചട്‌നിക്ക് ഏറ്റവും രുചി. രണ്ടുതരം ചമ്മന്തികളാണ് നമ്മുടെയൊക്കെ വീടുകളില്‍ സാധാരണ ഉണ്ടാക്കാറ്. തേങ്ങ അരച്ച ചമ്മന്തിയും മുളക് ചമ്മന്തിയും. അതില്‍ മുളകുപൊടി കുഴച്ച ഒരു ചമ്മന്തി ആണ് എല്ലാ ദിവസവും നിങ്ങള്‍ കഴിക്കുന്നതെങ്കില്‍, അതിന് പകരമായി തയ്യാറാക്കാവുന്ന മറ്റൊരു കിടിലന്‍ റെസിപ്പിയാണ് ഇന്ന് പങ്കുവെക്കുന്നത്.

നല്ല വറ്റല്‍മുളക് ചുട്ടരച്ച മുളക് ചമ്മന്തി. അതും വെറും 5 മിനിറ്റില്‍ ഈ രുചികരമായ വിഭവം തയ്യാറാക്കാം എന്നാണ് പ്രത്യേകത ഒരുപാട് സമയം അടുക്കളയില്‍ കളയേണ്ടി വരില്ല നിങ്ങള്‍ക്ക്. എരിവിന് അനുസരിച്ച് മാത്രം മുളക് ചേര്‍ക്കുകയാണെങ്കില്‍ കുട്ടികള്‍ക്കും ഇത് ഏറെ പ്രിയപ്പെട്ടതാകും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവം ആയതുകൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും നിങ്ങള്‍ക്ക് ഊണ് മേശയില്‍ വെക്കാന്‍ പറ്റിയ ഒരു ഐറ്റം ആണിത്. വറ്റല്‍ മുളക് ചമ്മന്തി തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ചേരുവകള്‍

01. വറ്റല്‍ മുളക്- 8

02. ചുവന്നുള്ളി – കാല്‍ കപ്പ്

03. വാളന്‍പുളി (വെള്ളത്തില്‍ കുതിര്‍ത്തത്) – ഒരു ടീസ്പൂണ്‍

04. വെളിച്ചെണ്ണ – രണ്ടു ടീസ്പൂണ്‍

05. ഉപ്പ് – പാകത്തിന്

ഇനി പാകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം..

എടുത്ത് വെച്ചിരിക്കുന്ന വറ്റല്‍മുളക് ചെറു തീയില്‍ ചുട്ടെടുക്കുക. പപ്പടം കുത്തിയിലോ മറ്റും ഒന്നിന് മുകളില്‍ ഒന്നായി കുത്തിവെച്ച് ചെറു തീയില്‍ ഇവ ചുട്ടെടുക്കാവുന്നതാണ്. ശേഷം ഈ മുളകും വെള്ളത്തില്‍ കുതിര്‍ത്ത വാളന്‍പുളിയും ഉപ്പും മിക്‌സിയില്‍ ചെറുതായി ചതയ്‌ച്ചെടുക്കുക. കുഴമ്പ് പരുവത്തില്‍ അരച്ചെടുത്ത ഈ കൂട്ടിലേക്ക് ചുവന്നുള്ളി ചേര്‍ത്ത് വീണ്ടും ചതയ്ക്കുക. അരച്ചെടുത്ത കൂട്ട് ചെറിയൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിനു വെളിച്ചെണ്ണയും ചേര്‍ത്തിളക്കുക. നല്ല നാടന്‍ ചുട്ടരച്ച വറ്റല്‍ മുളക് ചമ്മന്തി തയ്യാര്‍.