തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്.
അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്. മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും.
നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ 194 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. ഇതിൽ 139 പേരും ആരോഗ്യ പ്രവർത്തകരാണ്. 7239 വീടുകളിൽ സർവേ നടത്തിയതിൽ 439 പേർക്ക് പനിയുണ്ട്. ഇതിൽ നാലുപേർ മാത്രമാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കമുള്ളത്.
നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. കുട്ടിയെ ചികിത്സിച്ച നഴ്സ് ഉൾപ്പെടെ രണ്ട് പാലക്കാട് ജില്ലക്കാർ നിരീക്ഷണത്തിലാണ്.
കേന്ദ്ര സംഘം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വാവ്വാലുകളിൽ കണ്ടെത്തിയ അതേ വകഭേദമാണ് പാണ്ടിക്കാട്ടെ കുട്ടിയുടെ ശരീരത്തിലും പ്രവേശിച്ചത്.