ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ഇംഗ്ലണ്ടിൽ മാർക്കറ്റിങ് കാമ്പയിനുമായി പൈതൃക-ടൂറിസം മന്ത്രാലയം. വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി ഒമാനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിൻറെ ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷ് വിപണിയിൽ കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇംഗ്ലണ്ടിലെ പ്രാദേശിക ടാക്‌സികൾ, സബ്വേ സ്റ്റേഷനുകൾ, ചുവന്ന ഡബിൾ ഡെക്കർ ബസുകൾ എന്നിവയിൽ ഒമാനിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ചിത്രീകരിക്കുന്ന ഹോർഡിങുകളും ചിത്രങ്ങളും പതിച്ചാണ് കാമ്പയിൻ നടക്കുന്നത്. ടൂറിസം മേഖലയിൽ ശ്രദ്ധേയമായ കുതിപ്പുമായാണ് ഒമാൻ മുന്നേറികൊണ്ടിരിക്കുന്നത്.
ജനുവരി മുതൽ ഏപ്രിൽ വരെ 1.5 ദശലക്ഷത്തിലധികം സന്ദർശകരാണ് ഒമാനിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 13ശതമാനത്തിൻറെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. സഞ്ചാരികളുടെ വരവ് ഹോസ്പ്പിറ്റാലിറ്റി മേഖലയിലും ഉണർവ് സൃഷ്ട്ടിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ ജബൽ അഖ്ദറിലെത്തിയ സന്ദർശകരുടെ എണ്ണതിൽ 25.8 ശതമാനത്തിൻറെ ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയും ചെയ്തു. ടൂറിസം മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന സംരംഭങ്ങളാണ് ഈ വളർച്ചക്ക് കാരണമെന്ന് മന്ത്രാലയം പറഞ്ഞു.