മുംബൈ : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 264 പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.73 പോയിന്റ് മുന്നേറിയ നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.
ഇന്നലെ 30 പോയിൻ്റ് ഉയർത്തി സെൻസെക്‌സ് 80,502.08-ലും നിഫ്റ്റി 23,537.85-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അൾട്രാടെക് സിമൻ്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയാണ് ബിഎസ്ഇ പാക്കിൽ മുന്നിൽ നിൽക്കുന്ന ഓഹരികൾ.
ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നിക്ഷേപകരും. നികുതി ഇളവുകളും തൊഴിലവസരങ്ങളും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇതും വിപണികൾക്ക് അനുകൂലമായ ചലനം സൃഷ്ടിക്കുമെന്നാണ് അനുമാനം. പുതിയ ബാങ്കിംഗ് ലൈസൻസുകൾ നൽകുന്ന കാര്യത്തിലും ഇപ്പോഴുള്ള പൊതുമേഖലാ ബാങ്കുകളുടെ ലയനവും സംയോജനവും സംബന്ധിച്ച നയതീരുമാനങ്ങളും ബജറ്റിൽ നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്.