കനത്ത ചൂടിൽനിന്ന് സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം മസ്കത്ത് ഗവർണറേറ്റിൽ ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചു. ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വകുപ്പ് മുഖേന ഗവർണറേറ്റിലെ റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ബോധവത്കരണ പരിപാടികൾ നടത്തിയത്.
നിരവധി സ്വകാര്യ മേഖല കമ്പനികളുമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭം, ചൂടിന്റെ ഭാഗമായുള്ള അപകടങ്ങളെക്കുറിച്ചും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഉച്ച വിശ്രമ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നി കഴിഞ്ഞ ദിവസങ്ങളിലും വിവിധ ഗവർണറേറ്റുകളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രാജ്യത്ത് പലയിടത്തും 50 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയിരുന്നത്.