പഴയ നാട്ടു ഭംഗി നിറഞ്ഞ നില്‍ക്കുന്ന ഗ്രാമ കാഴ്ചകളും അവിടെ ചുറ്റിക്കറങ്ങുന്ന കുറച്ച് കഥാപാത്രങ്ങള്‍ അഭിനയിച്ചു നെയ്തെടുത്ത കുറെ രസ ചരടുകള്‍ കോര്‍ത്തിണക്കിയ ഒരു മനോഹര ചിത്രം. തിരുവനന്തപുരം വെള്ളായണി സ്വദേശി നാഗേന്ദ്രന്റെ ജീവിതത്തില്‍ നിന്ന് ആരംഭിച്ച മറ്റു കഥാപാത്രങ്ങളിലുടെ സഞ്ചരിച്ച് ആറ് സ്ത്രീകളിലൂടെ ചുറ്റി കറങ്ങി ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് ഒണ്‍ ലൈഫ് ഫൈവ് വൈഫ്സ്’ എന്ന വെബ് സീരിയസ് വന്നു നില്‍ക്കുന്നത് ഗൗരവകരമായ ഒരു കഥ പറഞ്ഞു കൊണ്ടാണ്. 1978 ല്‍ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് ആരംഭിച്ച കഥ മുന്നേറുന്നത് വളരെ രസകരമായാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്പെഷ്യല്‍സ് വെബ് സീരിയസില്‍ ഉള്‍പ്പെട്ട നാഗേന്ദ്രന്‍സ് ഹണിമൂണ്‍സിന് ആറ് എപ്പിസോഡുകളാണ് ഉള്ളത്.
70 കളിലെ നാട്ടിന്‍ പുറത്തിന്റെ തനി ഭംഗിയുടെ മേമ്പോടിയില്‍ പുതുമ നിലനിര്‍ത്തികൊണ്ട് വേറിട്ട രീതിയില്‍ ദൃശ്യവത്ക്കരിക്കാന്‍ സംവിധായകനും ക്യാമറാമാനും ശ്രമിച്ചിട്ടുണ്ട്. അതില്‍ അവര്‍ വിജയം കൈക്കൊള്ളുകയും ചെയ്തു. ഉദാഹരണമായി സാവിത്രി എന്ന നാലാം എപ്പിസോഡ് തന്നെ എടുക്കാം. സാവിത്രിയുടെ കഥ പറയുന്ന രംഗങ്ങള്‍ സംഭാഷണം ഒഴിവാക്കി പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതൊരു പുതുമ നിറഞ്ഞ പരീക്ഷണമായി തോന്നി. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. മനോഹരമായ ദൃശ്യങ്ങള്‍ തന്നെയാണ് മുഴുവന്‍ എപ്പിസോഡുകളുടെ ആകെത്തുകയെന്ന് പറയാം. ദൃശ്യഭംഗിയുടെ കാര്യം പറഞ്ഞാല്‍ തിരുവനന്തപുരം വെള്ളായണിയുടെ ഗ്രാമഭംഗയില്‍ നിന്ന് തുടങ്ങി റാന്നിയിലെ റബ്ബര്‍ തോട്ടങ്ങളുടെ ഓരം ചേര്‍ന്ന് സഞ്ചരിച്ചു കാസര്‍കോടെ വരണ്ട ഭൂപ്രകൃതിയില്‍ എത്തുന്നു. അവിടെ നിന്നും നീങ്ങി പാലക്കാടിന്റെ സുഖ ശീതളമായ പച്ചപ്പിലേക്ക് എത്തുകയും തുടര്‍ന്ന് ജലാശയങ്ങളുടെ നാടായ ആലപ്പുഴയില്‍ കറങ്ങി പളനിയിലെ ഭക്തി നിറഞ്ഞു നില്‍ക്കുന്ന മലനിരകളുടെയും, തമിഴ് ഗ്രാമഭംഗിയിലൂടെ തിരകെ തനി നാട്ടിന്‍പുറമായ വെള്ളായണിയിലേക്ക് തിരിച്ചെത്തുന്നു.
1978ലെ തിരുവനന്തപുരത്തെ വെള്ളായണി ഗ്രാമത്തിലെ ഒരു പ്രഭാതത്തില്‍ നാഗേന്ദ്രന്റെ അമ്മ നാണിയമ്മയില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. മടിയനും അലസനുമായ നാഗേന്ദ്രന്‍ യാതൊരു ജോലിക്കും പോകാതെ അമ്മയുടെ ചെലവിലാണ് ജീവിക്കുന്നത്. നാഗേന്ദ്രന്റെ കൂടെ നിന്ന് എല്ലാ തരികിടകളും ഒപ്പിക്കുന്നത് സോമനാണ്. പേര്‍ഷ്യയിലേക്ക് പോകാന്‍ പണം സമ്പാദിക്കുന്നതിനു വേണ്ടി സ്വന്തം മുറപ്പെണ്ണ് ജാനകിയെ വിവാഹം കഴിച്ചു തുടങ്ങുന്ന നാഗേന്ദ്രന്റെ കല്യാണ പരമ്പര അവസാനിക്കുന്നത് മൊഴിയിലാണ്. ജാനകിയെ ഉപേക്ഷിച്ച് പത്തനംതിട്ട റാന്നിയിലെ ലില്ലിക്കുട്ടിയെ കല്യാണം കഴിക്കുകയും, അവിടെ നിന്നും കുറച്ചു കാശുമായി മുങ്ങുന്ന നാഗേന്ദ്രനും സോമനും പിന്നീട് പൊങ്ങുന്നത് കാസര്‍ഗോഡ് ബേക്കലാണ്. അവിടെ ഒരു സമൂഹ വിവാഹത്തില്‍ ലൈല എന്ന പെണ്‍കുട്ടിയെ നിക്കാഹ് കഴിക്കുകയും അവളുടെ പശ്ചാത്തലമറിഞ്ഞ് അവളെ ഉപേക്ഷിച്ചു മുങ്ങുന്നു. പിന്നീട് പാലക്കാട് ഒറ്റപ്പാലത്ത് ഒരു നമ്പൂതിരി കുട്ടിയായ സാവിത്രിയെ വിവാഹം കഴിക്കുന്ന നാഗേന്ദ്രന്‍ അവളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അവിടെ നിന്നെടുത്ത ആഭരണങ്ങളില്‍ നിന്നും ഒരു പങ്ക് അവള്‍ക്ക് നല്‍കി സ്ഥലം വിടുന്നു. 2500 രൂപ നല്‍കാമെന്ന് വാഗ്ദാനത്താല്‍ ആലപ്പുഴ കൈനകരിയില്‍ എത്തുന്ന നാഗേന്ദ്രനും സോമനും നാട്ടിലെ പ്രധാനിയായ അഭിസാരികയായ തങ്കത്തെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. കല്യാണത്തിന് ശേഷം കുറച്ചുദിവസം തങ്കത്തിന്റെ വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷം നാഗേന്ദ്രനും സോമനും സ്ഥലം വിടുന്നു. ഇതിനിടയില്‍ ലില്ലി കുട്ടിയുടെ സഹോദരനും പോലീസുകാരനുമായ വര്‍ക്കി നാഗേന്ദ്രനെ അന്വേഷിച്ച് കാസര്‍കോട് നിന്ന് പാലക്കാടും പിന്നീട് ആപ്പുഴയിലും എത്തുന്നു. വര്‍ക്കിയുടെ കൈയ്യാല്‍ പിടിക്കപ്പെടുന്നതിന് തൊട്ടടുത്ത് നിന്ന് രക്ഷപ്പെടുന്ന നാഗേന്ദ്രനും സോമനും പിന്നീട് പൊങ്ങുന്നത് തമിഴ്നാട് പഴനിയിലെ ആയകുടിയിലാണ്. അവിടെ ക്യാന്‍സര്‍ രോഗിയായ ഒരു അച്ഛന്റെ മകള്‍ മൊഴിയെ കല്യാണം കഴിക്കാന്‍ നാഗേന്ദ്രനോട് സോമന്‍ ആവശ്യപ്പെടുന്നു. കല്യാണ ദിവസം മദ്യപിച്ച ശേഷം കുറ്റബോധത്താല്‍ നടന്ന കാര്യങ്ങള്‍ മൊഴിയോട് പറഞ്ഞ നാഗേന്ദ്രന്‍ അവളോട് മാപ്പ് ചോദിക്കുന്നു. പുതിയ ജീവിതം നയിക്കാമെന്ന് പറഞ്ഞു നാഗേന്ദ്രന് ആ രാത്രി തന്നെ മൊഴിയും മാപ്പു നല്‍കുന്നു. പിറ്റേ ദിവസം രാവിലെ നാഗേന്ദ്രന്‍ കാണുന്ന കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ കഥയിലെ സസ്പെന്‍സും ക്ലൈമാക്സും അതാണ്. അതിനുശേഷം നാഗേന്ദ്രന്റെ അളിയനും പോലീസുകാരനുമായ വര്‍ക്കി പഴനിയില്‍ എത്തുകയും നാഗേന്ദ്രനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. വെള്ളായണിയിലെ സ്വന്തം വീട്ടിലെത്തിയ നാഗേന്ദ്രന്‍ ആ കാഴ്ചകണ്ട് ഞെട്ടിപ്പോയി. എന്താണ് കാഴ്ച, ആ കാഴ്ചയാണ് ഈ വെബ് സീരീസിന്റെ അടുത്ത ഭാഗവും സീസണ്‍ 2വുമായ മധുവിധുവിലെ രസക്കൂട്ടുകള്‍. കാത്തിരിക്കാം അടുത്ത ഭാഗത്തിനായി.
എടുത്തുപറയേണ്ട കാര്യം ചിത്രത്തിന്റെ സംവിധാനം തന്നെ. നിതിന്‍ രഞ്ജി പണിക്കര്‍ വളരെ ഗൃഹപാഠം ചെയ്താണ് നാഗേന്ദ്രന്റെ കഥ പറയാന്‍ ഇറങ്ങിയെന്നതില്‍ യാതൊരു സംശയവുമില്ല. മികച്ച രീതിയിലുള്ള സംവിധാനത്തിന് ഏറെ പുതുമകളും അവകാശപ്പെടാനുണ്ട്. നിലവില്‍ കണ്ടുവരുന്ന വലിച്ചു നീട്ടുന്ന വെബ്സീരിയസുകള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു മാതൃകയാണ് സംവിധായകന്‍ ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. സംവിധായകന് പൂര്‍ണ്ണ പിന്തുണയുമായി ചായാഗ്രാഹകന്‍ നിഖില്‍ എസ്. പ്രവീണ്‍, ചിത്രസംയോജകന്‍ മനസൂര്‍ മുത്തൂട്ടി, സംഗീത നിര്‍വഹിച്ച രഞ്ജിന്‍ രാജ്, കലാസംവിധായകന്‍ സുരേഷ് കൊല്ലം, ശബ്ദ രൂപകല്‍പ്പന-മിശ്രണം നിര്‍വഹിച്ച എം.ആര്‍. രാജാകൃഷ്ണന്‍ ഉള്‍പ്പെടെ അവരുടെ റോളുകള്‍ മികച്ചതാക്കിയിട്ടുണ്ട് അല്ല ഇരട്ടി മനോഹരം ആക്കിയിട്ടുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു വെബ് സീരീസ് ഇറങ്ങിയിട്ടില്ലെന്ന് പറയാം, കാരണം കഥാപാത്രങ്ങളെയും സാഹചര്യ സംഭവങ്ങളെയും വലിച്ചു നീട്ടാതെ ഒറ്റയിരിപ്പില്‍ കാണാന്‍ സാധിക്കുന്ന തരത്തില്‍ ഒരു രസക്കൂട്ട് ഈ ചിത്രത്തില്‍ ഉണ്ട്. ആ രസ ചരട് മുറിയാതെ ആദ്യാവസാനം വരെ ഒരുപോലെ നിലനിര്‍ത്തി കൊണ്ടുപോകാന്‍ സംവിധായകനും അദ്ദേഹത്തിന്റെ ടീമുകള്‍ക്കും സാധിച്ചു. സംഗീതത്തിന്റെ കാര്യത്തില്‍ രഞ്ജിന്‍ രാജും, പിന്നെ ശബ്ദരൂപകല്‍പ്പനയും-മിശ്രണം നടത്തിയ എം ആര്‍ രാജകൃഷ്ണനും കാലഘട്ടത്തിനനുസൃതമായ സംഗീതം നല്‍കി കഥയ്ക്കാകമാനം മിഴിവു നല്‍കി.
പതിവുപോലെ സുരാജ് വെഞ്ഞാറമൂട് തന്റെ നാഗേന്ദ്രന്‍ എന്ന കഥാപാത്രം മനോഹരമാക്കിയിട്ടുണ്ട്. സുരാജിന്റെ സന്തത സഹചാരിയായി കൂടെയുള്ള പ്രശാന്ത് അലക്സാണ്ടറിന്റെ സോമന്‍ എന്നാ കഥാപാത്രവും മികച്ചു നിന്നു. സുരാജിന്റെ അളിയനും പോലീസുകാരനുമായി വേഷമിട്ട കലാഭവന്‍ ഷാജോണിന്റെ വര്‍ക്കി എന്ന കഥാപാത്രവും വേറിട്ട് നിന്നു. വെബ് സീരീസിന്റെ പ്രധാന കഥാപാത്രങ്ങള്‍ 6 സ്ത്രീകളാണ്. അവരുടെ പേരുകള്‍ തന്നെയാണ് ഓരോ എപ്പിസോഡിനും നല്‍കിയിരിക്കുന്നു. ഇതില്‍ ജാനകിയായി ആല്‍ഫി പഞ്ഞിക്കാരന്‍, ലില്ലി കുട്ടിയായി ഗ്രേസ് ആന്റണി, ലൈലയായി ശ്വേതാ മേനോന്‍, സാവിത്രിയായി നിരഞ്ജന അനുപ്, തങ്കമായി കനി കുസൃതിയും അവസാന എപ്പിസോഡിലെ മൊഴിയായി അമ്മു അഭിരാമിയും വേഷമിട്ടിരിക്കുന്നു. നാഗേന്ദ്രന്റെ അമ്മയായി ഭാനുമതിയും തിളങ്ങിയിട്ടുണ്ട്. അരിസ്റ്റോ സുരേഷ്, ജനാര്‍ദ്ദനന്‍, രമേഷ് പിഷാരടി, ശാന്തകുമാരി, ശ്രീജിത്ത് രവി, ബിനു കട്ടപ്പന, ശ്രീകാന്ത് മുരളി, രശ്മി ബോബന്‍, പ്രിയങ്ക അനൂപ്, നന്ദന്‍ ഉണ്ണി, ബിജു പപ്പന്‍ തുടങ്ങിയവര്‍ വേഷമിട്ടിരിക്കുന്നു.