മാലിന്യ സംസ്കരണ നയത്തിന്റെ ഭാഗമായി മാലിന്യ പുനർചംക്രമണ പരിപാടികളെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ പുതിയ നയം നടപ്പാക്കുന്നു. പുതിയ നിയമം വർഷന്തോറും വർധിച്ചു വരുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഏറെ സഹായകമാവുമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ അംറി പറഞ്ഞു.
പുനർ ചംക്രമണ പരിപാടി നടപ്പാക്കുന്നതിന് പ്രധാനമായി മൂന്ന് ഘടകങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം പ്രധാനമായും മാലിന്യങ്ങളുടെ പുനർചംക്രമണ പദ്ധതിക്കാണ് മുൻ ഗണന നൽകുക. ഇതായിരിക്കും പുതിയ നയത്തിന്റെ അടിത്തറ.മലിന്യത്തെ തരംതിരിക്കൽ അടക്കമുള്ളവ ഇതിലുൾപ്പെടും. മാലിന്യങ്ങൾ കുറക്കുക, പുനർചംക്രമണത്തിന് മുമ്പുതന്നെ വീണ്ടും ഉപയോഗിക്കുക എന്നിവ ഇതിലുൾപ്പെടും. പുനർ ചംക്രമണമില്ലാതെ തന്നെ മാലിന്യങ്ങൾ കുറക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
മലിന്യസംസ്കരണത്തിൽ പങ്കാളികളാവുന്നവർക്ക് മാർഗ നിർദേശം നൽകലും പദ്ധതിയിൽ ഉൾപ്പെടും. മാലിന്യങ്ങൾ പ്രദേശികമായി ഉപയോഗപ്പെടുത്താൻ വേണ്ടി മാലിന്യ കയറ്റുമതിക്ക് താരിഫുകൾ നിശ്ചയിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. നിലവിലെ മാലിന്യ കയറ്റുമതിക്കുള്ള നിരക്കുകൾ പ്രദേശിക പുനർചംക്രമണത്തിന് പ്രോത്സാഹനം നൽകുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.