കേരളത്തിന്റെ എല്ലാ പ്രതീക്ഷകളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് കേന്ദ്രബജറ്റില്‍ നിര്‍മ്മലാ സീതാരാമന്‍ മലയാളികളെയാകെ നിരാശരാക്കി. വമ്പന്‍ പദ്ധിതികള്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഇടം നല്‍കിയില്ലെന്ന വിഷമം മാത്രം ബാക്കി. ബജറ്റ് പ്രസംഗത്തില്‍ ഒരു തവണപോലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചില്ലെന്നത് കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ഒരുപോലെ വേദനയുണ്ടാക്കി. ഇത്തവണയും ബജറ്റില്‍ എയിംസ് പ്രഖ്യാപനമില്ല. പ്രത്യേക പദ്ധതികളുമില്ല. കേരളം ആവശ്യപ്പെട്ട 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും അനുവദിച്ചില്ല. എന്നാല്‍, ബിഹാറിനും, അന്ധ്രാപ്രദേശിനും വാരിക്കോരി നല്‍കാന്‍ മറന്നതുമില്ല.
പ്രത്യേക പദവി നല്‍കിയില്ലെങ്കിലും സഖ്യകക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ കൈയ്യടികള്‍ നേടി. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വികസന ഏജന്‍സികളുടെ ധനസഹായത്തോടെ പദ്ധതികള്‍ നടപ്പിലാക്കും. ബിഹാറില്‍ 2400 മെഗാവാട്ടിന്റെ ഊര്‍ജ്ജപ്ലാന്റിന് 21,400 കോടിയുടെ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം നിര്‍മ്മിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ വഴി പ്രത്യേക ധനസഹായം നല്‍കും. ഈ വര്‍ഷം 15,000 കോടി അനുവദിക്കും. ആവശ്യമായ തുക വരുംവര്‍ഷങ്ങളില്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാന്‍ ധനസഹായം വേണമെന്നു സഖ്യകക്ഷി നേതാവായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പ്രത്യേക പദവി വേണമെന്ന് ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും പിന്തുണയുള്ളതിനാല്‍ ഇരു പാര്‍ട്ടികളെയും പിണക്കാത്ത തീരുമാനത്തിലേക്കാണ് ധനമന്ത്രി എത്തിയത്. ബിഹാറിനു പ്രത്യേക സംസ്ഥാന പദവി നല്‍കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു പ്രത്യേക ധനസഹായവും പദ്ധതികളും പ്രഖ്യാപിച്ചത്.
എന്നാല്‍, കേരളത്തിനെ തൊട്ടു നോക്കിയതു പോലുമില്ലെന്നതാണ് പ്രധാന പ്രശ്‌നം. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളെ നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. റെയില്‍വെ, ദേശീയപാത വികസനത്തിനും സഹായമില്ല. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിനായി ഒരു പുതിയ പദ്ധതിയും നടപ്പാക്കിയിട്ടില്ല. കേരളത്തിന്റെ എയിംസ് പ്രതീക്ഷകളില്‍ പോലുമുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പ്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി (എയിംസ്)ന് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ചില നീക്കങ്ങളും പ്രതികരണങ്ങളും പ്രതീക്ഷകളെ തകിടംമറിച്ചത്.
കേരളത്തോടുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ രാഷ്ടീയ വിദ്വേഷമാണ് എയിംസിനെ മുള്‍മുനയിലാക്കുന്നത്. കിനാലൂരില്‍ കെഎസ്‌ഐഡിസിയുടെ 150 ഏക്കര്‍ ഏറ്റെടുത്ത് സാമൂഹികാഘാത പഠനമുള്‍പ്പെടെ നടത്തി എയിംസിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 40 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയും അന്തിമഘട്ടത്തിലാണ്. അടുത്തിടെ പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷായോജന പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ 22 എയിംസുകള്‍ക്ക് അംഗീകാരം നല്‍കിപ്പോഴും കേരളത്തെ തഴഞ്ഞു.
CONTENT HIGHLIGHTS;Central Budget: Kerala pushed down, Bihar and Andhra shouldered