ന്യൂഡൽഹി: പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും സന്തോഷവാർത്ത. ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇത് ഗുണകരമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു.
ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് കേന്ദ്രസർക്കാരിന് കീഴിൽ വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
content highlight: one-month-wage-for-first-time-employees