ഇന്ത്യയില്‍ ഏറെക്കാലം മുമ്പേ തന്നെ വിപണയില്‍ ഇറങ്ങിയ ആദ്യത്തെ മുഖ്യധാര ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബജാജ്. ചേകത് എന്ന ഐക്കണിക് സ്‌കൂട്ടറിനെ വൈദ്യുതീകരിച്ച് കമ്പനി പുറത്തിറക്കിയത് 2019-ലായിരുന്നു. തുടക്കത്തില്‍ തെരഞ്ഞെടുത്ത ചില നഗരങ്ങളില്‍ മാത്രം വില്‍പ്പന ആരംഭിച്ച ബ്രാന്‍ഡ് പക്ഷേ പാന്‍ ഇന്ത്യനാവാന്‍ ഏറെക്കാലമെടുത്തു. എന്തായാലും ഇപ്പോള്‍ നാലാള്‍ അറിയത്തക്ക വിധത്തില്‍ ചേതക് ഇവി പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്.
2024 ജൂണില്‍ 16,691 യൂണിറ്റുകളുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് 2 ലക്ഷം ആളുകള്‍ വാങ്ങിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന പദവി ബജാജ് ചേതക് ഇവിക്ക് നേടിയെടുക്കാനായത്. ബേസ് 2901 (95,998 രൂപ), മിഡ് അര്‍ബേന്‍ (1.23 ലക്ഷം രൂപ), പുതുക്കിയ പ്രീമിയം വേരിയന്റ് (1.47 ലക്ഷം രൂപ) എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇപ്പോള്‍ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനാവും. 2.9 kWh ബാറ്ററി പായ്ക്കാണ് ഇവിക്ക് കരുത്ത് പകരുന്നത്. PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നതിനാല്‍ 5.3 bhp (4.2 kW) പവറില്‍ 20 Nm torque വരെ നല്‍കാന്‍ ശേഷിയുള്ളതാണ്.
സിംഗിള്‍ ചാര്‍ജില്‍ ARAI സാക്ഷ്യപ്പെടുത്തിയ 108 കിലോമീറ്റര്‍ റേഞ്ചാണ് ബജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. സ്ലോ ചാര്‍ജിംഗ് വഴി അഞ്ച് മണിക്കൂറിനുള്ളില്‍ ഇ-സ്‌കൂട്ടര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ബജാജിന്റെ വിശ്വാസവും ഫുള്‍-മെറ്റല്‍ ബോഡി നിര്‍മാണവും വാഹനത്തെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്ന കാര്യമാണ്. 2024 ജനുവരി മുകല്‍ ജൂണ്‍ വരെയുളള കാലയളവില്‍ 66,512 ചേതക്കുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.