കേന്ദ്ര ബഡ്ജറ്റില്‍ നിന്നും ചെറുകിട വ്യാപാര മേഖലയ്ക്ക് പ്രത്യക്ഷ നേട്ടം ഒന്നുമില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റും കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. മുദ്രാവായ്പ 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷം രൂപയായി ഉയര്‍ത്തിയതു മാത്രമാണ് എടുത്തു പറയാനുള്ളത്. ഇതര മേഖലകള്‍ക്ക് നല്‍കിയ ബജറ്റ് വിഹിതം മൂലം ക്രയവിക്രയ സാധ്യത വര്‍ദ്ധിച്ചു എങ്കിലും, അത് റീട്ടെയില്‍ വ്യാപാര മേഖലയിലെ വിപണിയില്‍ കൂടി പ്രതിഫലിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഒന്നും തന്നെയില്ല. ജിഎസ്ടിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി എന്ന് പ്രഖ്യാപിച്ചപ്പോഴും, അതിന് പ്രധാന പങ്ക് വഹിച്ച റീട്ടെയില്‍ വ്യാപാര മേഖലയ്ക്ക് ആശ്വാസം നല്‍കിയില്ല എന്ന് മാത്രമല്ല ഒരു നന്ദി പോലും പറയുവാന്‍ ധനമന്ത്രി തയ്യാറായില്ലാ എന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനവിഭാഗം പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന തൊഴില്‍ മേഖലയാണ് റീട്ടെയില്‍ വ്യാപാര മേഖലയെങ്കിലും കാലാകാലങ്ങളായി ഈ മേഖലയില്‍ ഉണ്ടാകുന്ന ബജറ്റ് അവഗണന ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.