കേന്ദ്ര ബജറ്റിന്റെ നല്ല വശങ്ങളും മോശം വശങ്ങളും ചര്‍ച്ച ചെയ്യുകയാണ് രാജ്യം. പ്രതിപക്ഷം ബജറ്റിനെ രാഷ്ട്രീയമായി കണുമ്പോള്‍ വികസനത്തിന്റെ മുഖം നല്‍കുകയാണ് ബി.ജെ.പി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബജറ്റിനെ രാഷ്ട്രീയമായി കണ്ടാണ് പ്രതികരിച്ചിരിക്കുന്നത്.
കസേര സംരക്ഷിക്കാനുള്ള ബജറ്റ്: രാഹുല്‍ഗാന്ധി
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേന്ദ്ര സര്‍ക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമമായ എക്‌സിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സഖ്യകക്ഷികളെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാണു ബജറ്റില്‍. മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റില്‍ സാധാരണക്കാര്‍ക്കായി യാതൊന്നുമില്ല. ബജറ്റിലെ ചില ആശയങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍നിന്നും മുന്‍ ബജറ്റുകളില്‍നിന്നും കോപ്പിയടിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സഖ്യം താഴെവീഴാതിരിക്കാനുള്ള ബജറ്റ്: സീതാറാം യച്ചൂരി
മൂന്നാം മോദി സര്‍ക്കാരിന്റേത് അങ്ങേയറ്റം നിരാശാ ജനകമായ ബജറ്റെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ഒരു പ്രയോജനവുമില്ലാത്ത വാ?ഗ്ദാനങ്ങള്‍ മാത്രമായി ബജറ്റ് ഒതുങ്ങി. ധനകമ്മി കുറയ്ക്കുന്നതിനായി ഒരു ഇടപെടലും നടത്തിയിട്ടില്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളില്ല. മധ്യവര്‍?ഗത്തിന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്നതാണ് ഈ ബജറ്റ്.
കേന്ദ്ര സര്‍ക്കാരിനെ താഴെ വീഴാതെ പിടിച്ചു നിര്‍ത്താനുള്ള ശ്രമം മാത്രമാണ് ബജറ്റ്. നിലവില്‍ കേന്ദ്രം ഭരിക്കുന്നത് ബിജെപി അല്ല, എന്‍ഡിഎ സഖ്യം ആണ്. സഖ്യത്തെ നിലനിര്‍ത്താന്‍ ആന്ധ്രക്കും ബിഹാറിനും വാരിക്കോരി കൊടുത്തേ മതിയാകൂ. സ്ത്രീകള്‍ക്കായുള്ള പ്രഖ്യാപനങ്ങളൊക്കെ എല്ലാ ബജറ്റിലും ഉള്ളതു തന്നെ. എന്നാല്‍ അതൊന്നും വര്‍ധിപ്പിക്കുന്നുമില്ല, കൃത്യമായി നടപ്പാക്കുന്നുമില്ല.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അങ്ങേയറ്റം തഴഞ്ഞുകൊണ്ടുള്ള ബജറ്റാണിത്. മണിപ്പൂരിന്റെ അവസ്ഥ രാജ്യം കാണുന്നതാണ്. അക്ഷരാര്‍ത്ഥത്തില്‍ ആ സംസ്ഥാനം കത്തുകയാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എട്ട് കോടി രൂപ മാത്രമാണ്. രാജ്യത്തുടനീളം പല നിര്‍മാണങ്ങളും വികസനങ്ങളും കൊണ്ടുവരുമെന്ന് പറയുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പണിത എത്ര ഫ്‌ലൈ ഓവറുകളും റോഡുകളും ഇതിനകം തകര്‍ന്നു വീണു. ഇതാണ് മോദി സര്‍ക്കാരിന്റെ വികസനമെന്നും സിതാറാം യെച്ചൂരി പറഞ്ഞു.
വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ബജറ്റ്: രാജീവ് ചന്ദ്രശേഖര്‍
വികസിത ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തിന് സമര്‍പ്പിച്ചതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന വളര്‍ച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യം കുറയ്ക്കല്‍, നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഈ ബജറ്റില്‍ തുടര്‍ച്ചയുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ അത്തരം മികച്ച പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയെന്ന നിലക്ക് ശ്രദ്ധേയമായ ബജറ്റ് ആണിത്.
കസ്റ്റംസ് ഡ്യൂട്ടി ഇളവുകള്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ വ്യവസായ മേഖലക്ക് ഉണര്‍വ്വ് പകരുകയും കയറ്റുമതി പുഷ്ടിപ്പെടുത്തുകയും ചെയ്യും. ബഡ്ജറ്റിനെതിരെ പ്രതിപക്ഷം നടത്തുന്ന വിമര്‍ശനങ്ങള്‍ അര്‍ത്ഥമില്ലാത്തവയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഏതെങ്കിലും മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനല്ല, മറിച്ച് രാജ്യത്തെ എല്ലാ ജനങ്ങളുടേയും ക്ഷേമവും സമഗ്ര വികസനവുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസനം സംബന്ധിച്ച ബിജെപി സര്‍ക്കാരിന്റെ സമീപനത്തിലെ യാഥാര്‍ത്ഥ്യബോധവും വ്യത്യസ്തതയും ജനങ്ങള്‍ അംഗീകരിച്ചതിന്റെ ഫലം കൂടിയാണ് ഈ ബഡ്ജറ്റ്. ശരിയായ സാമ്പത്തിക മാനേജ്‌മെന്റും കൃത്യമായ വികസന കാഴ്ച്ചപ്പാടുമുള്ള ഏതൊരു സംസ്ഥാനത്തും വ്യവസായവും തൊഴിലവസരങ്ങളും വളര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതില്ലാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHTS;Central Budget: Good or Bad?; Rahul, Yachuri and Rajeev Chandrasekhar; How are the responses?