India

‘വ്യാപക ക്രമക്കേടുകൾ കണ്ടെത്താനായില്ല’; നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രിംകോടതി

ഡൽഹി: ക്രമക്കേട് ആരോപണം ഉയര്‍ന്ന നീറ്റ് പരീക്ഷയില്‍ പുനപരീക്ഷ വേണ്ടെന്ന് സുപ്രിംകോടതി. പരീക്ഷയിലാകെ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നും മൊത്തത്തില്‍ പരീക്ഷയുടെ പരിശുദ്ധി നഷ്ടമായിട്ടില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ബിഹാറിലും ഝാര്‍ഖണ്ഡിലുമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായതെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കി. പുനപരീക്ഷ പ്രഖ്യാപിച്ചാല്‍ 24 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് 131 പേരും പരീക്ഷ ആവശ്യമില്ലെന്ന് വാദിച്ച് 254 പേരുമാണ് സുപ്രിംകോടതിയെ സമീപിപ്പിച്ചത്. പരീക്ഷ മൊത്തത്തിൽ റദ്ദാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സി.ബി.ഐ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് സംഭവിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷയുടെ മാർക്കിൽ പൊരുത്തക്കേടുണ്ടെന്നും രണ്ടു വിദ്യാർത്ഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് ലഭിച്ചത് സംശയാസ്പദമാണെന്നും ആരോപിച്ചാണ് വിദ്യാർഥികൾ രംഗത്തുവന്നത്. ഹരിയാനയിലെ ഒരു സെന്ററിൽ പരീക്ഷയെഴുതിയ എട്ടു വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത റാങ്കുകൾ ലഭിച്ചത് സംശയാസ്പദമാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

ഈ വിഷയത്തില്‍ നേരത്തെ തന്നെ എന്‍.ടി.എയും സി.ബി.ഐയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. വ്യാപക ചോര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു എന്‍.ടി.എ. വാദം. ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റ് പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി എന്‍.ടി.എയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തന്നെ ചില വിദ്യാര്‍ഥികള്‍ക്ക് അവിശ്വസനീയമായ വിധത്തില്‍ മാര്‍ക്ക് നല്‍കിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.