ആരോഗ്യ മേഖലയില്‍ യൂണിയന്‍ ബജറ്റിന് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന അഭിപ്രായം പങ്കുവെച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. 2024-25 ലെ യൂണിയന്‍ ബജറ്റ് തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും ലക്ഷ്യം വെക്കുന്നതാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ‘ഇന്ത്യന്‍ ജനസംഖ്യയുടെ 66% ഇപ്പോഴും 35 വയസ്സിന് താഴെയുള്ളവരും 7-8 ദശലക്ഷം യുവാക്കള്‍ പ്രതിവര്‍ഷം തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നവരുമായതിനാല്‍, 2024-25 ലെ യൂണിയന്‍ ബജറ്റ് തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും അതിലൂടെ രാജ്യത്തിന് സമഗ്ര വികസനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രചോദനവും നല്‍കുന്നതാണ്. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് ഇത്തവണ വലിയ ഊന്നല്‍ നല്‍കിയെന്ന് തോന്നുന്നില്ലെങ്കിലും, ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതമായ 89,287 കോടി രൂപ, കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 12.5% വര്‍ദ്ധന കാണിക്കുന്നത് പ്രതീക്ഷ നല്‍കുന്നു’, അദ്ദേഹം പറഞ്ഞു.
‘പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കല്‍, ഗര്‍ഭാശയ അര്‍ബുദത്തിനുള്ള വാക്‌സിനുകളുടെ പ്രോത്സാഹനം, വിപുലീകരിച്ച മാതൃ-ശിശു സംരക്ഷണ പദ്ധതികള്‍, നൂതനമായ ‘യു വിന്‍’ പ്രതിരോധ കുത്തിവെയ്പ്പിനുള്ള ഫ്ളാറ്റ് ഫോം എന്നിവയടങ്ങുന്നതാണ് ഇടക്കാല ബജറ്റ്. 2024-ല്‍ വിശദീകരിച്ചിട്ടുള്ള ഉദ്യമങ്ങള്‍ ശക്തമാക്കാനുളള തീരുമാനത്തിലൂടെ സര്‍ക്കാര്‍ ധീരമായ മുന്നേറ്റമാണ് നടത്തുന്നത്’.
കൂടാതെ, ആഭ്യന്തര എക്‌സ്-റേ മെഷീനായുള്ള എക്‌സ്-റേ ട്യൂബുകളുടെയും ഫ്ലാറ്റ് പാനല്‍ ഡിറ്റക്ടറുകളുടെയും കസ്റ്റംസ് തീരുവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇളവ്, മൂന്ന് കാന്‍സര്‍ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയത് തുടങ്ങിയവ രാജ്യവ്യാപകമായി കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി്. ഈ പുരോഗമന ബജറ്റ് ആരോഗ്യമേഖലയില്‍ സമഗ്രമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. കൂടാതെ ഗ്രാമ-നഗര വിഭജനം പരിഹരിക്കുന്നതിനും, അവശ്യ സേവനങ്ങളുടെ തുല്യമായ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് പുതിയ ബജറ്റ്, ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.