ന്യൂഡൽഹി: വനിത സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള യാതൊരു നിർദ്ദേശവും വനിത ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഇല്ലെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി. സ്ത്രീ സുരക്ഷ ശക്തിപ്പെടുത്താനും പദ്ധതിയില്ലെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനതക്ക് മുന്നിലല്ല, നായിഡുവിന്റെയും നിതിഷ് കുമാറിന്റെയും കാൽ കീഴിലാണ് മോദി സർക്കാർ ബജറ്റ് സമർപ്പിച്ചിട്ടുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.
“ഇത് ബജറ്റ് അല്ല, മോദി, നായിഡു, നിതിഷ് ധാരണാ പത്രമാണ്. കേരളമടക്കം പ്രതിപക്ഷ സർക്കാരുകളെ മാത്രമല്ല; ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളെയും ബജറ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തിനും തുല്യതയെന്ന ഭരണഘടന തത്വങ്ങളെയും ബജറ്റ് നിരാകരിച്ചു.
കേരളത്തിന് എന്ത് നൽകിയെന്ന് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും വിശദീകരിക്കണം”, അവർ ആവശ്യപ്പെട്ടു.
അതേസമയം, മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്. ബിഹാറിനും ആന്ധ്രപ്രദേശിനും വന്‍കിട പദ്ധതികള്‍ ലഭിച്ചപ്പോള്‍ കേരളത്തിന് അനുകൂല പദ്ധതികള്‍ ഒന്നും ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സില്‍വര്‍ ലൈനും വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി അടക്കം കേരളം കേന്ദ്രത്തിന് മുന്നില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല. ദീര്‍ഘകാല ആവശ്യമായ എയിംസിലും കേരളം പ്രതീക്ഷ പുലര്‍ത്തിയിരുന്നു.
ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. ‘കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്’ എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
രാജ്യത്തെ ഒരു മേഖലയും നരേന്ദ്രമോദി സര്‍ക്കാരിന്റെ കൈയ്യില്‍ സുരക്ഷിതമല്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നതെന്ന് എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരനും പ്രതികരിച്ചു. ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങള്‍ കൊണ്ടുപോയി. ശസ്ത്രക്രിയ വേണ്ടിടത്ത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.
പ്രതിപക്ഷ ആക്ഷേപം സാധൂകരിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെയും മാത്രം ആശ്രയിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ ആണിതെന്ന ആരോപണത്തെ കൂടുതല്‍ സാധൂകരിക്കുന്ന ബജറ്റാണിതെന്നും എം പി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ് ബജറ്റിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.