ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തത്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.
തെരച്ചിലിനായി നാളെ ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു]. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഈ ഉപകരണം ഉപയോഗിച്ചായിരിക്കും നാളെ തെരച്ചിൽ നടത്തുകയെന്ന് റിട്ട. മേജർ ജനറൽ പറഞ്ഞു.
ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഈ ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഈ ഉപകരണത്തിന്റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. മണ്ണിൽ പുതഞ്ഞ് പോയ വസ്തുക്കൾ 20 മീറ്റർ ആഴത്തിലും, വെള്ളത്തിലും മഞ്ഞിലും 70 മീറ്റർ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്ജുന് ഉള്‍പ്പടെയുള്ളവരെ കാണാതായ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. അപകടം ഗൗരവമേറിയതെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടക സര്‍ക്കാരിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
നാളെ രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുതാല്പര്യ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി.