ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ കേരളത്തെ അവഗണിച്ചെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ബഡ്‌ജറ്റിൽ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
“കേരളത്തിൽ ചെറുപ്പക്കാരില്ലേ, കേരളത്തിൽ ഫിഷറീസില്ലെ, കേരളത്തിൽ സത്രീകളില്ലേ, തൊഴിവസരങ്ങൾ തരുന്ന മേഖലകളിലേക്ക് എന്തുതരം തലോടലാണ് തന്നിരിക്കുന്നത്. നിങ്ങൾ ബജറ്റ് പോയി പരിശോധിക്കൂ, പഠിക്കൂ, പ്രതിപക്ഷം ആരോപിച്ചോട്ടെ” എന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം.
കേരളം ദീർഘകാലമായി മുറവിളിക്കൂട്ടുന്ന എയിംസിനെ ഈ ബജറ്റിലും തടഞ്ഞതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “എയിംസ് വരും, വന്നിരിക്കും, പക്ഷേ കേരള സർക്കാർ കൃത്യമായി സ്ഥലം തരണം” എന്നായിരുന്നു മറുപടി. കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തരോട് “അത് മതിയോ” എന്ന മറുചോദ്യം ചോദിച്ച് മന്ത്രി മടങ്ങി.
നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാൻ സുരേഷ്ഗോപി തയ്യാറായിരുന്നില്ല. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, അപൂർവ വ്യാധികളിൽ വിറച്ച് നിൽക്കുന്ന കേരളത്തിന് എയിംസ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്നാണ് ഭൂരിപക്ഷവും കരുതിയത്. എയിംസ് അനുവദിക്കണമെന്നും അതിനുവേണ്ട എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. എന്നാൽ അതും ഉണ്ടായില്ല. പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലെന്ന് മാത്രമല്ല കേരളത്തിന്റെ പേരുപോലും ബഡ്‌ജറ്റിൽ പരാമർശിച്ചിട്ടില്ലെന്നാണ് കേരളത്തിനിന്നുള്ള പ്രതിപക്ഷ എംപിമാർ പറയുന്നത്.
മോദി സര്‍ക്കാര്‍ ബജറ്റിനെ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കാഴ്ച്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സതീശൻ വാാർത്താകുറിപ്പിലൂടെ അറിയിച്ചു.