വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾ ട്രംപിനെതിരായ ആക്രമണത്തിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു. 2022 ആഗസ്റ്റ് മുതൽ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്ന കിംബർലി ചീറ്റിൽ ആണ് സ്ഥാനമൊഴിഞ്ഞത്.
“നമ്മുടെ രാജ്യത്തിൻ്റെ നേതാക്കളെ സംരക്ഷിക്കുക എന്നതാണ് സീക്രട്ട് സർവീസിൻ്റെ ദൗത്യം. ജൂലൈ 13 ന് ഞങ്ങൾ പരാജയപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ് ഡയറക്ടർ എന്ന നിലയിൽ, സുരക്ഷാ വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.”- കിംബർലി പറഞ്ഞു.
“വ്യക്തമായും ഒരു തെറ്റ് സംഭവിച്ചു, ഇത് ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും,” അവർ പറഞ്ഞു.
പെൻസിൽവേനിയ സംസ്ഥാനത്തെ ബട്‌ലറിൽ കഴിഞ്ഞ 13നു നടന്ന പ്രചാരണ പരിപാടിക്കിടെയാണ് ട്രംപിനു നേരെ വധശ്രമമുണ്ടായത്. അനധികൃതകുടിയേറ്റത്തിനെതിരേ ട്രംപ് സംസാരിക്കുമ്പോഴാണ് നാലുതവണ വെടിയൊച്ചമുഴങ്ങിയത്. വലതുചെവി പൊത്തിപ്പിടിച്ച് ട്രംപ് പ്രസംഗപീഠത്തിനുപിന്നില്‍ നിലത്തിരുന്നതിനുപിന്നാലെ അഞ്ചാമത്തെയും ആറാമത്തെയും വെടിയൊച്ചമുഴങ്ങി. പ്രചാരണയോഗത്തില്‍ പങ്കെടുത്തിരുന്ന ഒരാള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.