ആഡിസ് അബബ: ഇത്യോപ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 229 പേർ മരിച്ചു. കുട്ടികളും ഗർഭിണികളും ഉൾപ്പെടെ മണ്ണിനടിയിൽ കുടുങ്ങി.
തെക്കൻ ഇത്യോപ്യയിലെ കെഞ്ചോ ഷാച്ച ഗോസ്ഡി ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. തലസ്ഥാനമായ ആഡിസ് അബബയിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള ഗോഫ സോണിലെ വിദൂര മലയോര മേഖലയാണിത്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് മരണസംഖ്യ ഉയരാൻ കാരണം.
മരിച്ചവരിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ജീവനോടെ രക്ഷപ്പെടുത്തിയ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഗോസ സോണിൻ്റെ ചീഫ് അഡ്മിനിസ്ട്രേറ്റർ ദഗ്മാവി അയേലെ ബിബിസിയോട് പറഞ്ഞു.
കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ച രാജ്യത്തിൻ്റെ പ്രദേശങ്ങളിലൊന്നാണ് തെക്കൻ എത്യോപ്യയെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് അധികൃതർ പറഞ്ഞു. 2016 മെയ് മാസത്തിലുണ്ടായ മഴ ദുരന്തത്തിൽ 50ലധികം പേർ മരിച്ചിരുന്നു.