കൊളംബോ: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. നേപ്പാള്‍ വനിതകളെ 82 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ മറുപടി 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ആധികാരികമായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മുന്നേറുന്നത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഓപണർ ഷഫാലി വർമയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി ഷഫാലി വർമ-ഹേമലത ഓപണിങ് കൂട്ടുകെട്ട് തകർപ്പൻ തുടക്കമാണ് നൽകിയത്. 14 ഓവറിൽ 122 റൺസ് സ്കോർ ബോർഡിൽ ചേർത്ത ശേഷമാണ് ഇവർ വഴിപിരിഞ്ഞത്. 42 പന്തിൽ 47 റൺസെടുത്ത ഹേമലതയെ സീത റാണ മഗറിന്റെ പന്തിൽ ബെൽബാഷി പിടികൂടുകയായിരുന്നു. വൈകാതെ 48 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം 81 റൺസെടുത്ത ഷഫാലിയും മടങ്ങി. മഗറിന്റെ പന്ത് കയറിയടിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ കാജൽ ശ്രേസ്ത സ്റ്റമ്പ് ചെയ്യുകയായിരുന്നു. മലയാളി താരം സജന സജീവൻ 12 പന്തിൽ 10 റൺസെടുത്ത് പുറത്തായി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ജമീമ റോഡ്രിഗസ് (15 പന്തിൽ പുറത്താകാതെ 28), റിച്ച ഘോഷ് (മൂന്ന് പന്തിൽ പുറത്താകാതെ ആറ്) എന്നിവർ ചേർന്നാണ് സ്കോർ 175 കടത്തിയത്.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നേപ്പാൾ നിരയിൽ ആർക്കും തിളങ്ങാനായില്ല. 18 റൺസെടുത്ത സീത റാണ മഗറാണ് ടോപ് സ്കോറർ. ഇവർക്ക് പുറമെ ക്യാപ്റ്റൻ ഇന്ദു ബർമ (14), റുബീന ഛേത്രി (15), ബിന്ദു റാവൽ (17 നോട്ടൗട്ട്) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അരുന്ധതി റെഡ്ഡി, രാധ യാദവ് എന്നിവർ രണ്ട് വീതവും രേണുക സിങ് ഒന്നും വിക്കറ്റ് നേടി.