Kerala

തിരച്ചിലിനു മറുവിളിയുണ്ടായില്ല; കടലിലെ 96 മണിക്കൂർ നീണ്ട തിരച്ചിൽ നിർത്തി; പ്രതീക്ഷ വിടാതെ വിഷ്ണുവിന്റെ കുടുംബം | There was no return of the search; 96-hour search at sea called off; Vishnu’s family did not give up hope

ആലപ്പുഴ: 96 മണിക്കൂർ നീണ്ട തിരച്ചിലിനു മറുവിളിയുണ്ടായില്ല. കപ്പലിൽ നിന്നു കാണാതായ വിഷ്ണു ബാബു(24)വിനായുള്ള തിരച്ചിൽ നടുക്കടലിൽ അവസാനിച്ചു. വിഷ്ണു ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ വിടാതെ ഇനിയും തിരയാൻ വഴി തേടുകയാണ് ബന്ധുക്കൾ.

ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോയ ‘എസ്എസ്ഐ റെസല്യൂട്ട്’ എന്ന കപ്പലിൽ നിന്നു കാണാതായ പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ വിഷ്ണു ബാബുവിനെ (25) കണ്ടെത്താൻ മെലാക കടലിൽ മലേഷ്യയിലെ മാരിടൈം റെസ്ക്യു കോ ഓർഡിനേറ്റിങ് സെന്റർ (എംആർസിസി) ആണ് തിരച്ചിൽ നടത്തിയത്. 4 ദിവസമെടുത്ത് 43.5 ചതുരശ്ര കിലോമീറ്റർ കടലിൽ അവർ വിഷ്ണുവിനായി തിരഞ്ഞെന്നും ഫലമുണ്ടായില്ലെന്നും കപ്പൽ കമ്പനി ഇ മെയിൽ വഴി വിഷ്ണുവിന്റെ ബന്ധു ശ്യാമിനെ അറിയിച്ചു.

ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇത്രയും സമയം തിരഞ്ഞതെന്നും ഒരു സൂചനയും കിട്ടിയില്ലെന്നും തിരച്ചിൽ ‍അവസാനിപ്പിക്കുകയാണെന്നും എംആർസിസിയുടെ ജോഹോർ ബാരു കേന്ദ്രത്തിൽ നിന്ന് അറിയിച്ചെന്നും കമ്പനിയുടെ ഇ മെയിലി‍ലുണ്ട്. തിരച്ചിലിനെപ്പറ്റി അന്വേഷിക്കാൻ കെ.സി.വേണുഗോപാൽ എംപിയുടെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയം മലേഷ്യയിലെ ഇന്ത്യൻ എംബസിക്കു നിർ‍ദേശം നൽകിയിട്ടുണ്ടെന്നും അതനുസരിച്ച് എംബസി തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇതിൽ സൂചിപ്പിക്കുന്നു.