അനുമതിയില്ലാതെ ആക്കച്ചേരിവനത്തിൽ പ്രവേശിക്കുകയും ചോദ്യംചെയ്ത ജീവനക്കാരനെ അസഭ്യം പറയുകയും ചെയ്തതിന് കെ.എസ്.ഇ.ബി. ജീവനക്കാർക്കെതിരേ വനംവകുപ്പ് കേസെടുത്തു. കെ.എസ്.ഇ.ബി. പാടിയോട്ടുചാ-ൽ സെക്ഷൻ ഓഫീസിലെ ജീവനക്കാരായ സനൽ പി. സദാനന്ദൻ, ജിജോ തോമസ്, ഷിജോ, സലാഷ്, കരാറുകാരൻ മോഹനൻ എന്നിവർക്കെതിരേയാണ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനത്തിൽ എത്തിയവരോട് അനുമതിയില്ലാതെ വനത്തിൽ പ്രവേശിക്കരുതെന്ന് വനംവകുപ്പിലെ താത്കാലിക ജീവനക്കാരൻ പറഞ്ഞപ്പോൾ, അതുവകവെക്കാതെ വനത്തിൽ പ്രവേശിക്കുകയും വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുകയും ചെയ്തു. ഇതിനെത്തുടർന്നാണ് വനംവകുപ്പ് കേസെടുത്തത്.
അവധിദിനങ്ങളിൽ ആക്കച്ചേരിവനത്തിലെ വെള്ളച്ചാട്ടം കാണാൻ നിരവധി സന്ദർശകർ എത്താറുണ്ട്. പലരും അനുമതിയില്ലാതെയാണ് വനത്തിൽ പ്രവേശിക്കുന്നത്. മദ്യവും ഭക്ഷണവുമായി എത്തുന്ന പലരും ദിവസം മുഴുവൻ കാട്ടിനുള്ളിൽ കഴിഞ്ഞ ശേഷമാണ് മടങ്ങിപ്പോകാറുള്ളത്. ഇതിനെത്തുടർന്നാണ് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്.